ചുഴലിക്കാറ്റ്: ഏതുസാഹചര്യവും നേരിടാന്‍ പോലീസ് സേന സുസജ്ജമെന്ന് ലോക്‌നാഥ് ബെഹ്‌റ

ശ്രീനു എസ്| Last Modified വ്യാഴം, 3 ഡിസം‌ബര്‍ 2020 (14:20 IST)
തെക്കന്‍ ജില്ലകളില്‍ അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കനത്ത കാറ്റും മഴയും ഉണ്ടാകുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകള്‍ക്കും കോസ്റ്റല്‍ പോലീസ് സ്റ്റേഷനുകള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ഏത് അടിയന്തിരസാഹചര്യവും നേരിടാന്‍ പോലീസ് സേന സുസജ്ജമാണെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

എല്ലാ പോലീസ് സ്റ്റേഷനുകളിലേയും പോലീസ് ഉദ്യോഗസ്ഥരും ഓഫീസര്‍മാരും ഏതു സമയവും തയ്യാറായിരിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജില്ലാ പോലീസ് മേധാവിമാര്‍ പ്രത്യേകം കണ്‍ട്രോള്‍ റൂം തുറക്കണം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള സന്നദ്ധപ്രവര്‍ത്തകരെ ഏകോപിപ്പിക്കാനും അടിയന്തിര സാഹചര്യങ്ങളില്‍ ആവശ്യത്തിനുള്ള ഉപകരണങ്ങള്‍ ലഭ്യമാക്കാനും നടപടി സ്വീകരിക്കണം. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നത് തടയണം. ഇതിനായി കോസ്റ്റല്‍ വാര്‍ഡന്‍മാരുടെ സേവനം വിനിയോഗിക്കാം. വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളില്‍ പ്രത്യേകം ശ്രദ്ധചെലുത്തണം.

ജില്ലകളില്‍ നിയോഗിച്ചിട്ടുള്ള ബറ്റാലിയന്‍ ഉദ്യോഗസ്ഥര്‍ ഏതു സാഹചര്യവും നേരിടാന്‍ തയ്യാറായിരിക്കണം. ആള്‍ക്കാരെ ഒഴിപ്പിക്കുന്നതിനും മറ്റു ദുരിതാശ്വാസ നടപടികള്‍ക്കുമായി പോലീസ് വാഹനങ്ങള്‍ ഉപയോഗിക്കാം.
റവന്യൂ, ദുരിന്തനിവാരണ അതോറിറ്റി എന്നിവയുടെ സഹകരണത്തോടെ ആവശ്യമെങ്കില്‍ തീരപ്രദേശത്തുനിന്ന് ജനങ്ങളെ ഒഴിപ്പിക്കണമെന്നും സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :