കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 9 നവംബര്‍ 2023 (11:59 IST)
ക്ഷേമനിധി മുടങ്ങിയിട്ട് മാസങ്ങളായി. കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് വരെ കൃത്യമായി ലഭിച്ചിരുന്ന പെന്‍ഷന്‍ മുടങ്ങിയതോടെ ജീവിതം വഴിമുട്ടി നില്‍ക്കുകയാണ് ഇടുക്കി അടിമാലിയിലെ അന്നയും മറിയക്കുട്ടിയും. മരുന്നു വാങ്ങാന്‍ പോലും കയ്യില്‍ കാശില്ല. 85 വയസ്സ് പിന്നിട്ട ഇരുവരും തെരുവില്‍ ഇറങ്ങി ഭിക്ഷ യാചിക്കുന്ന കാഴ്ചയാണ് കേരള സമൂഹം കണ്ടത്.
'എനിക്ക് അഞ്ച് മാസമായി പെന്‍ഷന്‍ കിട്ടിയിട്ട്. മരുന്ന് മേടിക്കാന്‍ യാതൊരു നിവൃത്തിയുമില്ല. എന്നെ സഹായിക്കാനും ആരുമില്ല. എനിക്ക് ജീവിക്കാന്‍ ഒരു മാര്‍ഗ്ഗവുമില്ല'-എന്നാണ് മറിയക്കുട്ടി പറയുന്നത്.
രണ്ടുവര്‍ഷത്തെ ഈറ്റ തൊഴിലാളി പെന്‍ഷന്‍ ഇതുവരെയും അന്ന ഔസേപ്പിന് കിട്ടിയിട്ടില്ല. ക്ഷേമനിധി പെന്‍ഷന്‍ കൊണ്ട് മാത്രമാണ് രണ്ടാളും ജീവിതം തള്ളിനീക്കുന്നത്. മരുന്ന് വാങ്ങുന്നതിനോടൊപ്പം തന്നെ ആഹാരത്തിനും കരണ്ട് ബില്ല് അടയ്ക്കാനും പോലും ഏക ആശ്രയമായിരുന്നു ഈ തുക. പെന്‍ഷന്‍ കിട്ടാതെ ആയതോടെ ഇരുവരും പഞ്ചായത്ത് ഓഫീസില്‍ പലപ്പോഴായി ചെന്ന് കാര്യം തിരക്കി. തങ്ങളുടെ മുന്നിലുള്ള എല്ലാ വഴികളും അണിഞ്ഞതോടെ അവിടെ നിന്നുതന്നെ അവിടെ നിന്ന് തന്നെ ഭിക്ഷ യാചിച്ചു തുടങ്ങി.
ആളുകള്‍, കടകളില്‍, ഓട്ടോ ഡ്രൈവര്‍മാര്‍ തുടങ്ങിയവരുടെ അടുത്ത് ചെന്ന് അവസ്ഥ രണ്ടാളും പറഞ്ഞു. ഒടുവില്‍ കറന്റ് ബില്ലടയ്ക്കാനും മരുന്നു വാങ്ങാനുമുള്ള പണം കിട്ടി. അടുത്തമാസവും പെന്‍ഷന്‍ ലഭിച്ചില്ലെങ്കില്‍ ഇതുതന്നെയാകും തങ്ങളുടെ അവസ്ഥ എന്നും അവര്‍ പറയുന്നു. കഴുത്തില്‍ ബോര്‍ഡ് കെട്ടിയാണ് ഇരുവരും ആളുകളെ കണ്ടത്. ഒപ്പം സര്‍ക്കാരിനെതിരെ സമരത്തിന് ഇല്ലെന്നും രണ്ടാളും പറഞ്ഞു.