ജെസ്‌നയുടെ തിരോധാനം: ‘ദൃശ്യം’ മോഡല്‍ സാധ്യത തള്ളാതെ പൊലീസ് - പിതാവിന്റെ നിയന്ത്രണത്തിലുള്ള കെട്ടിടത്തില്‍ പരിശോധന നടത്തി

ജെസ്‌നയുടെ തിരോധാനം: ‘ദൃശ്യം’ മോഡല്‍ സാധ്യത തള്ളാതെ പൊലീസ് - പിതാവിന്റെ നിയന്ത്രണത്തിലുള്ള കെട്ടിടത്തില്‍ പരിശോധന നടത്തി

  jesna maria , kerala  police  , jesna maria james missing , ജെസ്‌ന മരിയ ജയിംസ് , ജെസ്‌ന , ദൃശ്യം’ മോഡല്‍
കോട്ടയം| jibin| Last Updated: വ്യാഴം, 21 ജൂണ്‍ 2018 (12:49 IST)
ജെസ്‌ന മരിയ ജയിംസിന്റെ തിരോധാനം സംബന്ധിച്ച അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. ജെസ്‌ന സുഹൃത്തുക്കൾക്ക് അയച്ചതും തിരികെ ലഭിച്ചതുമായ സന്ദേശങ്ങൾ മൊബൈൽ ഫോണിൽ വീണ്ടെടുത്തു.

സന്ദേശങ്ങളെല്ലാം ജെസ്‌ന നശിപ്പിച്ചിരുന്നുവെങ്കിലും സൈബർ സെല്ലിന്റെ സഹായത്തോടെ വിവരങ്ങള്‍ പൊലീസ് കണ്ടെടുക്കുകയായിരുന്നു. കേസന്വേഷണത്തെ ബാധിക്കാതിരിക്കാന്‍ ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാവില്ലെന്ന് പൊലീസ് വ്യക്തമാക്കി.

കേസില്‍ എല്ലാ സാധ്യതകളും പരിശോധിക്കുന്ന അന്വേഷണ സംഘം ജെസ്‌നയുടെ പിതാവിന്റെ നിയന്ത്രണത്തിലുള്ള കണ്‍‌സ്ട്രക്ഷന്‍ കമ്പനി നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ പരിസരത്ത് പരിശോധന നടത്തി. മുണ്ടക്കയത്തെ ഏന്തയാറിൽ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ ഒരാഴ്ച്ച മുമ്പായിരുന്നു പരിശോധന.

‘ദൃശ്യം’ മോഡല്‍ സാധ്യതയാണ് പൊലീസ് പരിശോധിക്കുന്നത്. കെട്ടിടം കുഴിച്ച് പരിശോധിക്കാതെ ഡിറ്റക്ടർ ഉപയോഗിച്ചു തിരച്ചില്‍ നടത്തുകയായിരുന്നു. ജനുവരിയില്‍ നിര്‍മാണം പാതിവഴിയില്‍ ഉപേക്ഷിച്ചിരുന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ നിര്‍മാണ സ്ഥലത്താണ് പരിശോധന നടത്തിയത്. എന്നാല്‍ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ലെന്നാണ് പൊലീസ് പറയുന്നത്.

ജെസ്‌നയെ കാണാതായ മാർച്ച് 22ന് തലേദിവസം ഇവര്‍ യുവാവിന് അയച്ച സന്ദേശവും പൊലീസ് കണ്ടെടുത്തു. താൻ മരിക്കാൻ പോകുന്നുവെന്ന സൂചന നൽകുന്നതായിരുന്നു സന്ദേശം. ഈ സന്ദേശമായിരുന്നു അവസാനമായി മൊബൈൽഫോണിലുണ്ടായിരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :