സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 14 ഒക്‌ടോബര്‍ 2022 (09:33 IST)
എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന നര്‍കോട്ടിക് സ്‌പെഷ്യല്‍ ഡ്രൈവില്‍ ഇതുവരെ 769 പേര്‍ അറസ്റ്റിലായി. സെപ്റ്റംബര്‍ 16 മുതല്‍ ഒക്ടോബര്‍ 11 വരെ നടത്തിയ ഡ്രൈവിലെ കണക്കുപ്രകാരമാണിത്. 754 നര്‍കോട്ടിക് കേസുകള്‍ ഇക്കാലയളവില്‍ രജിസ്റ്റര്‍ ചെയ്തു.
114.8 കിലോ കഞ്ചാവ്, 173 കഞ്ചാവ് ചെടികള്‍, 867.8 ഗ്രാം എം.ഡി.എം.എ., 1404 ഗ്രാം മെത്താംഫിറ്റമിന്‍, 11.3 ഗ്രാം എല്‍.എസ്.ഡി. സ്റ്റാമ്പ്, 164 ഗ്രാം ഹാഷിഷ് ഓയില്‍, 111 ഗ്രാം നര്‍കോട്ടിക് ഗുളികകള്‍, 16 ഇന്‍ജക്ഷന്‍ ആംപ്യൂളുകള്‍ എന്നിവ പിടിച്ചെടുത്തു. സ്ഥിരം കുറ്റവാളികളെ നിരീക്ഷിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഇത്തരത്തില്‍ കേസില്‍ ഉള്‍പ്പെട്ട 2254 നര്‍കോട്ടിക് കുറ്റവാളികളുടെ ഡാറ്റ ബാങ്ക് തയാറാക്കി നിരീക്ഷിക്കുന്നുണ്ട്. വിദ്യാലയ പരിസരങ്ങളില്‍ ലഹരി വസ്തുക്കള്‍ ലഭിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിനു പ്രത്യേക നിരീക്ഷണവും നടത്തുന്നുണ്ട്. അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന ബസുകളിലും ട്രെയിനുകളിലും പരിശോധന കര്‍ശനമാക്കി. അതിര്‍ത്തി ചെക്‌പോസ്റ്റുകളിലും ചെക്‌പോസ്റ്റ് ഇല്ലാത്ത ഇടറോഡുകളിലും വാഹന പരിശോധനയും ശക്തമാക്കിയിട്ടുണ്ട്.