സിആര്‍ രവിചന്ദ്രന്‍|
Last Updated:
ശനി, 17 സെപ്‌റ്റംബര്‍ 2022 (18:52 IST)
കോട്ടയം: വിവരാവകാശ നിയമം ഉദ്യോഗസ്ഥരും ജനങ്ങളും പരസ്പരം പൊരുതാനുള്ള ആയുധമാക്കരുതെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ എ. അബ്ദുള്‍ ഹക്കീം. കോട്ടയം കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വിവരാവകാശ കമ്മീഷന്‍ സിറ്റിങ്ങിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അനാവശ്യമായി വിവരാവകാശ നിയമത്തെ ഉപയോഗിക്കുന്ന പ്രവണത കൂടി വരികയാണ്. ചിലര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വിരട്ടാനായി ഈ നിയമം ഉപയോഗിക്കുന്നു. ചില ഉദ്യോഗസ്ഥരാകട്ടെ സര്‍ക്കാര്‍ ഫയലില്‍ കൃത്യമായ രേഖകള്‍ ഉണ്ടെങ്കിലും അത് നല്‍കാതിരിക്കാനുള്ള പഴുതുകള്‍ അന്വേഷിച്ചു ജനങ്ങളെ ബുദ്ധിമുട്ടിക്കുകയും ചെയ്യുന്നു.
ലഭിക്കുന്ന പല ഫയലുകളിലും വിവരാവകാശ നിയമം ഒരു ചോദ്യോത്തര പംക്തിയായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ പ്രവണതകള്‍ മാറ്റി ജനാധിപത്യത്തെ ശാക്തീകരിക്കാനായി വിവരാവകാശ നിയമത്തെ വേണ്ട രീതിയില്‍ ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. കമ്മിഷന്‍ സിറ്റിങ്ങില്‍ ലഭിച്ച 15 പരാതികളില്‍ 10 എണ്ണത്തില്‍ തീര്‍പ്പ് കല്‍പ്പിച്ചു. ബാക്കിയുള്ള അഞ്ച് പരാതികള്‍ അടുത്ത സിറ്റിങ്ങില്‍ തുടര്‍നടപടികള്‍ക്കായി മാറ്റി.