വിഷ്ണു ലക്ഷ്മണ്|
Last Updated:
തിങ്കള്‍, 23 മാര്‍ച്ച് 2020 (12:40 IST)
ദേശീയഗെയിംസിന്റെ മുപ്പത്തിയഞ്ചാമത്തെ പൂരത്തിന് കൊടിയിറങ്ങുന്നത് കേരളത്തിന് അഭിമാനിക്കാനായി ഏറെ നേട്ടങ്ങള്‍ ബാക്കി നല്‍കിയാണ്. ചരിത്രത്തില്‍ ആദ്യമായി 54 സ്വര്‍ണ്ണം കേരളം സ്വന്തമാക്കിയത് ഈ ഗെയിംസിലാണ്. കേരളം ആദ്യമായി ആതിഥേയത്വം വഹിച്ച 87ലെ ഗെയിംസില്‍ കേരളത്തിന് ലഭിച്ചത് 22 സ്വര്‍ണമാണ്. എന്നാല്‍ കേരളം ഇതിനുമുമ്പ് ഏറ്റവും സ്വര്‍ണം നേടിയത് 94ല്‍ പുനെയില്‍ നടന്ന ദേശീയ ഗെയിംസിലാണ്. 50 സ്വര്‍ണം. എന്നാല്‍ ഇത്തവണ സുവര്‍ണനേട്ടത്തിന് സംസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനത്തെത്തിയത് കേരളമാണ്, സ്വര്‍ണത്തിലും നേടിയ മെഡലുകളുടെ എണ്ണത്തിലും മറ്റു സംസ്ഥാനങ്ങളെ കേരളം കവച്ചു വെച്ചു എന്നുതന്നെ പറയാം.
കേരളത്തിന്റെ പ്രതീക്ഷ ഇത്തവണയും കാത്തത്ത് അത്ലറ്റിക് താരങ്ങളാണ് എന്ന് കാണാം. എന്നാല്‍ നീന്തലില്‍ ആറു സ്വര്‍ണ്ണം നേടിയ സജന് പ്രകാശിന്റെ നേട്ടം ഇവിടെ കുറച്ചു കാണുന്നില്ല. തീര്‍ച്ചയായും അതൊരു വമ്പന്‍ നേട്ടം തന്നെയാണ്. എന്നാല്‍ അപ്രതീക്ഷിതമായി ഷൂട്ടിംഗ്, കയാക്കിംഗ്, ഫെന്‍സിംഗ് തുടങ്ങിയ ഇനങ്ങളില്‍ മെഡല്‍ നേട്ടം ഉണ്ടായത് കേരളത്തിന്റെ കായിക കുതിപ്പു തന്നെയാണ് വ്യക്തമാകുന്നത്. നടത്തിപ്പിന്റെ കാര്യത്തില്‍ തുടക്കം ഉണ്ടായ കല്ലുകടികള്‍ മാറ്റിവെച്ചാല്‍ താരങ്ങള്‍ ആരും തന്നെ പരാതി പറയാത്ത, അന്താരാഷ്ട്ര നിലവാരങ്ങളുള്ള വേദികള്‍ ഉള്ള മികച്ച ദേശീയ ഗെയിംസ് ആയിരുന്നു കൊടിയിറങ്ങിയത്. പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഒളിമ്പിക് അസോസിയേഷനും അഭിനന്ദിച്ചതും കേരളത്തിന് അഭിമാനമാകുന്നു.
ഇനി കായികതാരങ്ങളുടെ പ്രകടനത്തിലേക്ക് കടക്കാം. നീന്തലില്‍ കേരളത്തിനായി സജന് പ്രകാശ് നേടിയ സുവര്‍ണ നേട്ടങ്ങളല്ലാതെ കേരളത്തിന് എടുത്തു പറയത്തക്ക മെഡല്‍ നേട്ടങ്ങളില്ല. എന്നാല്‍ പല ഇനങ്ങളിലും പുരുഷന്മാരേക്കാള് വനിതകള്‍ കേരളത്തിന്റെ അഭിമാനം കാക്കുന്ന കാഴ്ചയാണ് നമ്മള് കണ്ടത്. കേരളത്തിന്റെ വനിതാതാരങ്ങള്‍ ബാസ്ക്കറ്റ് ബോള്‍ മത്സരത്തില്‍ ദേശീയ ഗെയിംസിന്റെ ചരിത്രത്തിലാദ്യമായി സ്വര്‍ണത്തില്‍ മുത്തമിട്ടു. ഷൂട്ടിംഗില്‍ ആദ്യമായി എലിസബത്ത് സൂസന് കോശി കേരളത്തിന് മെഡല്‍ നേടിത്തന്നത്, അതും സ്വര്‍ണ്ണ മെഡലുകളായിരുന്നു എന്നത്, കേരളത്തിന് ആവേശക്കുതിപ്പായിരുന്നു നല്‍കിയത്.
ഓളപ്പരപ്പില്‍ തുഴയെറിഞ്ഞ് സ്വര്‍ണ്ണം കൊണ്ട് തന്നതും വനിതകളായിരുന്നു. സൈക്ലിംഗിലും ഫെന്‍സിംഗിലും സ്വര്‍ണം നേടിത്തന്നത് വനിതകളായിരുന്നു. ഈ ഇനത്തില്‍ പുരുഷ കേസരികളുടെ പ്രകടനം വെള്ളിയില്‍ ഒടുങ്ങി. കേരളം ഈ ഇനങ്ങളില്‍ സ്വര്‍ണം തന്നെയായിരുന്നു ഇവരില്‍ നിന്ന് പ്രതീക്ഷിച്ചത് എന്നത് വേറെകാര്യം. സൈക്ലിംഗില്‍ ദേശീയ ഗെയിംസ് ചരിത്രത്തിലാദ്യമായി 18 മെഡലുകള്‍ നേടിയാണു കേരളാ ടീം അപൂര്‍വ നേട്ടം കൈവരിച്ചത്. മത്സരിച്ച എല്ലാ ഇനങ്ങളിലും മെഡലുകള്‍ വാരിക്കൂട്ടിയ വനിതകള്‍ അവസാനദിവസം രണ്ടു സ്വര്‍ണവും ഒരു വെള്ളിയും ഒരു വെങ്കലവും കരസ്ഥമാക്കി. ഏഴു സ്വര്‍ണം, അഞ്ച് വെള്ളി, ആറു വെങ്കലം എന്നിവയാണ് കേരളാവനിതകള് നേടിയത്.
ട്രാക്കില്‍ തീപടര്‍ത്തുന്ന പോരാട്ടമായിരുന്നു കേരളത്തിന്റെ താരങ്ങള്‍ നടത്തിയത്. ഗെയിംസിന്റെ അവസാന ദിനത്തില്‍ നടന്ന അത്ലറ്റിക് മത്സരത്തില്‍ കേരളത്തിന്റെ സമ്പൂര്‍ണ ആധിപത്യമാണ് കണ്ടത്. ജി വി രാജ സ്റ്റേഡിയത്തിലെ ട്രാക്കിലും ഫീല്‍ഡിലും നിന്ന് കേരളം അവസാനദിനം നേടിയത് ആറു സ്വര്‍ണവും അഞ്ചു വെള്ളിയും മൂന്നു വെങ്കലവും. ട്രാക്കില്‍ പൊന്നുവിളയിച്ച കേരളം ദേശീയ ഗെയിംസ് അത്ലറ്റിക് മീറ്റില്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി. 13 സ്വര്‍ണ്ണവും 13 വെള്ളിയും എട്ട് വെങ്കലവുമടക്കം 34 മെഡലുകളാണ് കേരളതാരങ്ങള്‍ ട്രാക്കില്‍ നിന്നും ഫീല്‍ഡില്‍ നിന്നുമായി നേടിയത്.
എന്നാല്‍ അവസാനദിനം കേരളം വികാര നിര്‍ഭരമായ ഒരു യാത്രയപ്പിനാണ് സാക്ഷിയായത്. കേരളത്തിന്റെ അഭിമാനതാരം ഒളിമ്പ്യന്‍ പ്രീജ ശ്രീധരന് എന്ന കേരളത്തിന്റെ കുഞ്ഞനുജത്തിയുടെ. ഒന്നര പതിറ്റാണ്ട് നീണ്ടു നിന്ന തന്റെ കായികജീവിതം കേരളത്തിന്റെ മണ്ണില്‍ കേരളത്തിനായി മെഡല്‍ നേടി പ്രീജ അവസാനിപ്പിക്കുമ്പോള്‍ കായികകേരളം ഒന്നടങ്കം ആ വിടവാങ്ങലിനൊപ്പം നിന്നു.
മിക്ക മത്സരങ്ങളിലും കേരളതാരങ്ങള്‍ സമ്പൂര്‍ണ ആധിപത്യം തന്നെ നേടി. എങ്കിലും പല സംസ്ഥാനങ്ങള്‍ക്കും വേണ്ടി സ്വര്‍ണം നേടിയത് മലയാളി താരങ്ങളായിരുന്നു എന്നത് ഓര്‍മ്മിക്കേണ്ടതാണ്, തമിഴ്നാട്, കര്‍ണാടക, ബിഹാര്‍, മധ്യപ്രദേശ്, രാജസ്ഥാന്, ഹരിയാന, സര്‍വീസസ് തുടങ്ങിയ ടീമുകളില്‍ മത്സരിച്ചവരിലും മെഡല്‍ നേടിയവരിലും മലയാളി സാന്നിധ്യമുണ്ട്. അവരൊക്കെ കേരളത്തില്‍ തന്നെ സംസ്ഥാനത്തിനായി മത്സരിച്ചിരുന്നു എങ്കില്‍ കേരളം മെഡല്‍ പട്ടികയില്‍ സര്‍വീസസിനെയും പിന്തള്ളുമായിരുന്നു എന്നത് കേരളത്തിലെ അധികൃതര്‍ ശ്രദ്ധിക്കേണ്ടതായിരുന്നു.
എന്നാല്‍ ഗെയിംസിനു ശേഷം മുഖ്യമന്ത്രിയുടെ പ്രഖ്യാപനം കായികകേരളം ആവേശത്തോടെയാണ് സ്വീകരിച്ചത്. മെഡല്‍ നേടുന്ന താരങ്ങള്‍ക്ക് സാമ്പത്തികസ്ഥിരത നല്കുന്ന തരത്തില്‍ സര്‍ക്കാര്‍ സര്‍വീസില്‍ ജോലി നല്‍കുന്നതാണ് മുഖ്യകാര്യം എന്നത് കേരളം തിരിച്ചറിഞ്ഞിരിക്കുന്നു. താല്കാലികമായി മെഡല്‍ നേട്ടത്തോടൊപ്പം കിട്ടുന്ന സാമ്പത്തിക പാരിതോഷികം താരങ്ങളെ കേരളത്തില്‍ പിടിച്ചു നിര്‍ത്താന്‍ പര്യാപ്തമല്ല. മറ്റു സംസ്ഥാനങ്ങള്‍ മലയാളികളെ റാഞ്ചിക്കൊണ്ട് പോകുന്നതും ജോലി എന്ന മോഹനവാഗ്ദാനം നല്‍കിയാണ്.