ഇന്ന് അർധരാത്രി മുതൽ തദ്ദേശ സ്ഥാപനങ്ങളിൽ ഉദ്യോഗസ്ഥ ഭരണം, വിജ്ഞാപനം നാളെ

വെബ്ദുനിയ ലേഖകൻ| Last Modified ബുധന്‍, 11 നവം‌ബര്‍ 2020 (09:23 IST)
തിരുവനന്തപുരം: സംസ്ഥാനം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ചൂടിലേയ്ക്ക്. ഇന്ന് അർധരാത്രി മുതൽ തദ്ദേശ സ്ഥാപനങ്ങളിൽ ഉദ്യോഗസ്ഥ ഭരണം നിലവിൽ വരും. മട്ടന്നൂർ നഗര സഭയും കഴിഞ്ഞ തവണ തര്‍ക്കങ്ങളെ തുടര്‍ന്ന് സ്ഥാനമേറ്റെടുക്കല്‍ വൈകിയ അൻപതോളം തദ്ദേശ സ്ഥാപനങ്ങളും ഒഴികെയുള്ളവയിലാണ് ഉദ്യോഗസ്ഥ ഭാരണം നിലവിൽ വരിക. സമ്പൂർണ വോട്ടർ പട്ടികയും ഇന്ന് പ്രസിദ്ധീകരിയ്ക്കും.

ഒക്ടോബര്‍ ഒന്നിന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു എങ്കിലും പട്ടികയിൽ പേരു ചേർക്കാൻ ഒരു അവസരം കൂടി നൽകിയിരുന്നു. നാളെയാണ് തെരഞ്ഞെടുപ്പ് വിഞ്ജാപനം ഇറങ്ങുക. വിജ്ഞാപനം നിലവിൽ വരുന്നതോടെ നാമനിർദേശ പത്രിക സമർപ്പിച്ച് തുടങ്ങാം. ഈ മാസം 19 ആണ് നാമനിർദേശ പത്രിക സമർപ്പിയ്ക്കാനുള്ള അവസാന തീയതി. 20ന് പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. 23 വരെ പത്രിക പിന്‍വലിക്കാം.

941 ഗ്രാമപഞ്ചായത്തുകളിലെ 15,962 വാര്‍ഡുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2,080 വാര്‍ഡുകള്‍ 14 ജില്ലാ പഞ്ചായത്തുകളിലെ 331 വാര്‍ഡുകള്‍ 86 മുനിസിപ്പാലിറ്റികളിലെ 3,078 വാര്‍ഡുകള്‍ ആറു കോര്‍പ്പറേഷനുകളിലെ 414 വാര്‍ഡുകള്‍ എന്നിവിടങ്ങളിലേക്കാണ് തെരെഞ്ഞെടുപ്പ്. ഡിസംബര്‍ 8,10,14 തീയതികളിൽ മൂന്നു ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. 16നാണ് വോട്ടെണ്ണൽ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :