കേരളം ലോഡ്ഷെഡ്ഡിങ്ങിലേക്ക്

ലോഡ്ഷെഡ്ഡിംഗ്, കേരളം, ആര്യാടന്‍
തിരുവനന്തപുരം| VISHNU.NL| Last Modified ചൊവ്വ, 9 ഡിസം‌ബര്‍ 2014 (09:39 IST)
കേരളത്തില്‍ ലോഡ്ഷെഡ്ഡിംങ്ങിന് സാധ്യതയെന്ന് വൈദ്യുത മന്ത്രി ആര്യാടന്‍ മുഹമ്മദ് അറിയിച്ചു. ആവശ്യത്തിന് വൈദ്യുതി ലഭ്യമല്ലാത്തതിനാല്‍ പുറത്ത് നിന്ന് വൈദ്യുതി ലഭിച്ചില്ലെങ്കില്‍ കേരളത്തില്‍ ലോഡ്‌ഷെഡിങ്‌ ഏര്‍പ്പെടുത്തേണ്ടിവരുമെന്ന്‌ മന്ത്രി പറഞ്ഞു.

സംസ്‌ഥാനത്തിന്‌ 2017ല്‍ 4,660 മെഗാവാട്ടും 2020-21 ല്‍ 6,093 മെഗാവാട്ടും വൈദ്യുതി വേണ്ടിവരുമെന്നാണ്‌ കേന്ദ്ര ഏജന്‍സിയുടെ പഠനം. ഈ നില തുടര്‍ന്നാല്‍ ഭാവിയില്‍ തമിഴ്‌നാട്‌, കര്‍ണാടക, ആന്ധ്ര സംസ്‌ഥാനങ്ങളിലേതു പോലെ നാലും അഞ്ചും മണിക്കൂര്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്ന സ്‌ഥിതിയിലേക്കു പോകുമെന്നും മന്ത്രി പറഞ്ഞു.

ഇപ്പോഴത്തെ സ്ഥിതിയില്‍ നിന്ന് ആശ്വാസം ലഭിക്കണമെങ്കില്‍ കേന്ദ്ര വിഹിതം ലഭ്യമാകണം. അല്ലെങ്കില്‍ ഇത്തവണയും ലോഡ്ഷെഡ്ഡിംഗ് ഏര്‍പ്പെടുത്തേണ്ടിവരും. നിയമസഭയില്‍ കെ. മുരളീധരന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായി മന്ത്രി പറഞ്ഞു. 6000 മെഗാവാട്ട്‌ ജല വൈദ്യുതി ഉല്‍പാദനത്തിനു സാധ്യതയുണ്ടെങ്കിലും ഉപയോഗിക്കാനാകുന്നില്ല. വിവിധ തലത്തില്‍ എതിര്‍പ്പ്‌ നിലനില്‍ക്കുന്നതിനാല്‍ ഇക്കാര്യത്തില്‍ പ്രതീക്ഷയുമില്ല.

അടുത്ത മൂന്നു വര്‍ഷത്തിനകം 536 മെഗാവാട്ട്‌ ഉല്‍പാദനത്തിനുള്ള പദ്ധതികള്‍ പൂര്‍ത്തിയാകും. 815 മെഗാവാട്ട്‌ പുറത്തുനിന്ന്‌ 25 വര്‍ഷത്തേക്കു വാങ്ങാന്‍ കരാറുണ്ടാക്കുന്നത്‌ മന്ത്രിസഭയുടെ പരിഗണനയിലാണ്‌. അതിരപ്പിള്ളി പദ്ധതിക്ക്‌ അനുമതി കിട്ടാന്‍ വീണ്ടും ശ്രമം നടത്തും. 700-800 മെഗാവാട്ട്‌ വൈദ്യുതിയുടെ കുറവ്‌ ഓരോ ദിവസവും ഉണ്ടാകുന്നുവെന്നും മന്ത്രി അറിയിച്ചു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :