സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്

തിരുവനന്തപുരം| Last Updated: വെള്ളി, 5 സെപ്‌റ്റംബര്‍ 2014 (15:43 IST)
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്. ഓവര്‍ഡ്രാഫ്റ്റിലേക്ക് സംസ്ഥാനം നീങ്ങുന്നതായാണ് റിപ്പോര്‍ട്ട്‌‍. കേന്ദ്രനികുതി വിഹിതത്തില്‍ നിന്നും മുന്‍കൂറായി ലഭിക്കുന്ന 500 കോടിയോളം രൂപ ഉപയോഗിച്ച് ഈ മാസം തല്‍ക്കാലം പിടിച്ചു നില്‍ക്കാനാകും. എന്നാല്‍ ഓണത്തിനുശേഷം സാമ്പത്തിക പ്രതിസന്ധി ഗുരുതരമാകും. അതുകൊണ്ട് കടുത്ത സാമ്പത്തിക നിയന്ത്രണം കൊണ്ടുവരാനാണ് ധനകാര്യ വകുപ്പിന്റെ നീക്കം.

സാമ്പത്തിക വര്‍ഷം തുടങ്ങി അഞ്ചുമാസം പിന്നിട്ടപ്പോഴേക്കും കേരളം 6,700 കോടി രൂപയാണ് പൊതുവിപണിയില്‍നിന്നും കടമെടുത്തത്. ചെലവുകള്‍ ക്രമാതീതമായി വര്‍ധിക്കുകയും വരുമാനം വന്‍തോതില്‍ കുറയുകയും ചെയ്യുന്നതാണ് സംസ്ഥാനത്തിന് തിരിച്ചടിയായത്. നികുതി പിരിവില്‍ നാലുശതമാനത്തിന്റെ വര്‍ധന മാത്രമാണ് രേഖപ്പെടുത്തിയത്. ഓണത്തിന് ബത്തകളും ആനുകൂല്യങ്ങളും ഉള്‍പ്പെടെയുള്ള ചെലവുകള്‍ക്കായി 1800 കോടിയോളം രൂപ അധികം വേണ്ടിവന്നു.

ദൈനംദിന ചെലവുകള്‍ക്കായി റിസര്‍വ് ബാങ്കില്‍ നിന്നുള്ള മുന്‍കൂര്‍ വായ്പയെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് സര്‍ക്കാര്‍. കേന്ദ്രനികുതിവിഹിതത്തില്‍ നിന്നും മുന്‍കൂറായി ലഭിക്കുന്ന 600 കോടി രൂപകൊണ്ട് തല്‍ക്കാലം കുറച്ചുദിവസത്തേക്ക് പിടിച്ചു നില്‍ക്കാനാകും. ഈ മാസം 25 വരെ ബില്ലുകള്‍ മാറുന്നതിനുള്‍പ്പെടെ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 50 ലക്ഷത്തിനു മുകളിലുള്ള ബില്ലുകള്‍ മാറേണ്ടെന്നാണ് വാക്കാലുള്ള നിര്‍ദേശം. മദ്യനയവും സര്‍ക്കാരിനെ കടുത്ത പ്രതിസന്ധിയിലാഴ്ത്തി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :