ജോൺസി ഫെലിക്സ്|
Last Modified ഞായര്‍, 2 മെയ് 2021 (11:19 IST)
തൃത്താല നിയമസഭാ മണ്ഡലത്തിൽ യു ഡി എഫ് സ്ഥാനാർത്ഥി വി ടി ബൽറാം 800ലധികം വോട്ടുകൾക്ക് മുന്നിലാണ്. എന്നാൽ ഇടയ്ക്കിടെ എൽ ഡി എഫ് സ്ഥാനാർഥി എം ബി രാജേഷും മുന്നിലെത്തുന്ന കാഴ്ചയാണ് അവിടെ. ലീഡ് നില മാറിമറിയുന്ന തൃത്താല ഒരു ഫോട്ടോ ഫിനിഷിലേക്ക് നീങ്ങുകയാണ്.
ഇടുക്കിയിൽ എൽ ഡി എഫിന്റെ റോഷി അഗസ്റ്റിൻ 3500ലേറെ വോട്ടുകൾക്ക് മുന്നിലാണ്. അരുവിക്കരയിൽ എൽ ഡി എഫ് സ്ഥാനാർഥി ജി സ്റ്റീഫൻ 200ലേറെ വോട്ടുകൾക്ക് മുന്നിലാണ്.
പൂഞ്ഞാറിൽ പി സി ജോർജ്ജ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടിരിക്കുന്നു. വേങ്ങരയിൽ ലീഗ് സ്ഥാനാർഥി പി കെ കുഞ്ഞാലിക്കുട്ടിയുടെ ലീഡ് പതിനായിരത്തിലേക്ക് നീങ്ങുന്നു.
മട്ടന്നൂർ നിയമസഭാ മണ്ഡലത്തിൽ കെ കെ ശൈലജ ടീച്ചറിന്റെ വൻ കുതിപ്പ്. 8661 വോട്ടുകൾക്കാണ് ശൈലജ ടീച്ചർ മുന്നിൽ നിൽക്കുന്നത്. ചേലക്കരയിൽ കെ രാധാകൃഷ്ണൻ 8799 വോട്ടുകളുടെ ലീഡുമായി മുന്നിലാണ്. ഉടുമ്പുംചോലയിൽ 9000ലധികം വോട്ടുകളുടെ ലീഡുമായി എം എം മണി മുന്നിലാണ്.
കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ അപ്ഡേറ്റുകൾ പുറത്തുവരികയാണ്. കോന്നി നിയമസഭാ മണ്ഡലത്തിൽ ബി ജെ പി സംസ്ഥാന അധ്യക്ഷൻ
കെ സുരേന്ദ്രൻ മൂന്നാം സ്ഥാനത്താണ്. അവിടെ എൽ ഡി എഫ് സ്ഥാനാർത്ഥി കെ യു ജെനീഷ്കുമാർ 4100 വോട്ടുകൾക്ക് മുന്നിലാണ്.
ബി ജെ പി ഏറെ പ്രതീക്ഷ വച്ചുപുലർത്തിയിരുന്ന കഴക്കൂട്ടത്ത് സി പി എം മുന്നേറ്റം. മന്ത്രി കടകംപള്ളി സുരേന്ദ്രൻ 2200 വോട്ടുകൾക്കാണ് മുന്നിൽ നിൽക്കുന്നത്. ബി ജെ പിയുടെ ശോഭ സുരേന്ദ്രൻ അവിടെ പിന്നിലാണ്.