ശ്രീനു എസ്|
Last Modified തിങ്കള്‍, 19 ഏപ്രില്‍ 2021 (08:07 IST)
തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്നവര്‍ക്കുള്ള മാര്‍ഗനിര്‍ദേശം ആരോഗ്യ വകുപ്പ് പുതുക്കി. ഇവര്‍ക്ക് ആര്.ടി.പി.സി.ആര് പരിശോധന അല്ലെങ്കില്‍ 14 ദിവസം റൂം ഐസൊലേഷന്‍ നിര്‍ബന്ധമാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്ന എല്ലാവരും ഇ-ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. വാക്സിന് എടുത്തിട്ടുള്ളവരാണെങ്കിലും സംസ്ഥാനത്ത് എത്തുന്നതിന് മുന്‍പ് 48 മണിക്കൂറിനുള്ളില്‍ ആര്.ടി.പി.സി.ആര് പരിശോധന നടത്തിയിരിക്കണം. അല്ലാത്തവര്‍ കേരളത്തില്‍ എത്തിയ ഉടന്‍ തന്നെ ആര്.ടി.പി.സി.ആര് പരിശോധനയ്ക്ക് വിധേയരാകുകയും പരിശോധനാ ഫലം ലഭിക്കുന്നതുവരെ അവരവരുടെ വാസസ്ഥലങ്ങളില്‍ റൂം ഐസൊലേഷനില്‍ കഴിയേണ്ടതാണ്.
പരിശോധനാഫലം പോസിറ്റീവ് ആകുന്നവര്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടേണ്ടതാണ്. പരിശോധനാഫലം നെഗറ്റീവാകുന്നവര്‍ മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കൈകള്‍ വൃത്തിയാക്കുക തുടങ്ങിയ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിക്കേണ്ടതാണ്. പനി, ചുമ, തൊണ്ടവേദന, ശ്വാസതടസം, പേശിവേദന, ക്ഷീണം, മണം അനുഭവപ്പെടാതിരിക്കുക, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടേണ്ടതാണ്.
ആര്.ടി.പി.സി.ആര് പരിശോധനയ്ക്ക് വിധേയരാകാത്തവര്‍ കേരളത്തില്‍ എത്തിയ ദിവസം മുതല്‍ 14 ദിവസം റൂം ഐസൊലേഷനില്‍ കഴിയുകയും ലക്ഷണങ്ങള്‍ നിരീക്ഷിക്കുകയും വേണം. എന്തെങ്കിലും കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടണം.