കൊവിഡ്: സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ല, ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 26 ഏപ്രില്‍ 2022 (09:14 IST)
തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മറ്റ് സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ കൂടിയ സാഹചര്യത്തില്‍ സംസ്ഥാനം ജാഗ്രത തുടരുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജില്ലകളിലെ സാഹചര്യം വളരെ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ നിര്‍ദേശം നല്‍കി. കൊച്ചിയില്‍ മാത്രമാണ് ചെറിയ തോതിലെങ്കിലും കേസുകള്‍ വര്‍ധിക്കുന്നത്. എവിടെയെങ്കിലും കോവിഡ് കേസുകള്‍ ഉയരുന്നെങ്കിലോ ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നെങ്കിലോ സംസ്ഥാന തലത്തില്‍ അറിയിക്കണം. എല്ലാ ജില്ലകളും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം. തുടര്‍ച്ചയായി അവലോകന യോഗങ്ങള്‍ ചേര്‍ന്ന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തണം. വാക്സിനേഷന്‍ ശക്തിപ്പെടുത്തണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താനായി ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.

ഭീതിപടര്‍ത്തുന്ന സാഹചര്യം നിലവിലില്ല. നിലവില്‍ ഒരിടത്തും ക്ലസ്റ്റര്‍ രൂപപ്പെട്ടിട്ടില്ല. സംസ്ഥാനത്ത് ഇന്ന് 255 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 325 പേര്‍ രോഗമുക്തി നേടി. ആകെ 1812 പേരാണ് ചികിത്സയിലുള്ളത്. സംസ്ഥാനത്ത് കുറച്ചുനാള്‍ കൂടി കോവിഡ് കേസുകള്‍ ഇങ്ങനെ തുടരും. ഒരു വലിയ തരംഗം മുന്നില്‍ കാണുന്നില്ലെങ്കിലും ജാഗ്രത തുടരണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.

സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും അവബോധം ശക്തിപ്പെടുത്തണം. മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാണ്. അടച്ചിട്ട സ്ഥലങ്ങള്‍ രോഗവ്യാപനത്തിന് കാരണമാകും. കോവിഡ് വര്‍ധിച്ചാല്‍ പ്രായമായവരെ ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ പ്രിക്കോഷന്‍ ഡോസ് നല്‍കാന്‍ പ്രോത്സാഹിപ്പിക്കണം. വാക്സിനേഷന്‍ പരമാവധി ആളുകളില്‍ എത്തിക്കണം. വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ച് കുട്ടികളുടെ വാക്സിനേഷന്‍ ശക്തിപ്പെടുത്തും.

ചില സ്വകാര്യ ലാബുകളും സ്വകാര്യ ആശുപത്രികളും പരിശോധനയ്ക്ക് അമിത ചാര്‍ജ് ഈടാക്കുന്നുണ്ടെന്ന പരാതിയുണ്ട്. സ്വകാര്യ ലാബുകളില്‍ കൂടിയ നിരക്കില്‍ പരിശോധന അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :