കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തി രേഖപ്പെടുത്തി കേന്ദ്ര സംഘം

ശ്രീനു എസ്| Last Modified തിങ്കള്‍, 11 ജനുവരി 2021 (16:46 IST)
സംസ്ഥാനത്തെ പക്ഷിപനിയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും വിലയിരുത്താന്‍ വന്ന കേന്ദ്ര സംഘം സംതൃപ്തി രേഖപ്പെടുത്തി. കേരളം മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. കേരളം നടത്തുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫീല്‍ഡ് തലത്തിലും ഔദ്യോഗിക തലത്തിലും വിലയിരുത്തിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് നല്‍കുമെന്നും കേന്ദ്ര സംഘം പറഞ്ഞു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് സംഘം ഇക്കാര്യം വ്യക്തമാക്കിയത്.

ഏഴാം തീയതി രാത്രിയാണ് കേന്ദ്ര സംഘം കേരളത്തിലെത്തിയത്. കോവിഡിന്റെ കാര്യത്തില്‍ കേരളം തുടക്കം മുതല്‍ നടത്തിവന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസംഘം സന്തുഷ്ടി പ്രകടിപ്പിച്ചു. ടെസ്റ്റ്, വാസ്‌കിനേഷന്‍ എന്നിവയുടെയെല്ലാം കാര്യത്തില്‍ നല്ല രീതിയിലുള്ള ചര്‍ച്ചയാണ് നടന്നത്. അവരുടെ നിര്‍ദേശങ്ങള്‍ അവര്‍ തയ്യാറാക്കി തരാമെന്ന് പറഞ്ഞിട്ടുണ്ട്. കേന്ദ്രസംഘത്തിന്റെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതാണ്. പക്ഷിപ്പനിയിലും കോവിഡിലും കേരളം എടുത്ത മുന്‍കൈയ്യും അവര്‍ സൂചിപ്പിക്കുകയുണ്ടായെന്നും മന്ത്രി വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :