സംസ്ഥാനത്ത് കോവിഡ് കര്‍വ് താഴുന്നതിന്റെ സൂചന; ഘട്ടംഘട്ടമായി കൂടുതല്‍ ഇളവുകള്‍

രേണുക വേണു| Last Modified ചൊവ്വ, 7 സെപ്‌റ്റംബര്‍ 2021 (20:06 IST)

സംസ്ഥാനത്ത് കോവിഡ് കര്‍വ് താഴുന്നതിന്റെ സൂചനകള്‍ പ്രകടമായി തുടങ്ങി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് തുടര്‍ച്ചയായി കുറയുന്നത് ആശ്വാസമാകുന്നു. ഓണത്തിനു ശേഷം രോഗികളുടെ എണ്ണം വന്‍ തോതില്‍ കുതിച്ചുയരുമോ എന്ന ആശങ്ക സര്‍ക്കാരിനുണ്ടായിരുന്നു.

കോവിഡ് കര്‍വ് താഴുന്നതിനാലാണ് കൂടുതല്‍ ഇളവുകള്‍ അനുവദിക്കാന്‍ ഇന്ന് ചേര്‍ന്ന ഉന്നതതലയോഗത്തില്‍ തീരുമാനിച്ചത്. ഞായര്‍ ലോക്ക്ഡൗണ്‍, രാത്രി കര്‍ഫ്യൂ തുടങ്ങിയ നിയന്ത്രണങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. ഒക്ടോബര്‍ നാല് മുതല്‍ അവസാന വര്‍ഷ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്കായി കോളേജുകളില്‍ ക്ലാസ് തുടങ്ങും.

സെപ്റ്റംബര്‍ മാസം കേരളത്തിനു നിര്‍ണായകമാണ്. കോവിഡ് കര്‍വ് താഴാന്‍ കേരളം എടുക്കുന്ന സമയമായിരിക്കും ഇത്. സെപ്റ്റംബര്‍ ഒന്നിന് 32,803 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.76 ആയിരുന്നു. സെപ്റ്റംബര്‍ ഏഴിലേക്ക് എത്തിയപ്പോള്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 25,772 ആയി കുറയുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15,87 ശതമാനമാകുകയും ചെയ്തു. സെപ്റ്റംബര്‍ ഒന്നുമുതല്‍ തുടര്‍ച്ചയായ ഏഴ് ദിവസങ്ങളില്‍ കേരളത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞിട്ടുണ്ട്. ഈ കണക്കുകളാണ് കേരളത്തിനു പ്രതീക്ഷ നല്‍കുന്നത്. പ്രതിദിന മരണസംഖ്യയിലും കുറവ് രേഖപ്പെടുത്തുന്നുണ്ട്. സെപ്റ്റംബര്‍ അവസാനത്തോടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തില്‍ താഴെ എത്തുമെന്നാണ് ആരോഗ്യവകുപ്പ് വിലയിരുത്തുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :