നെല്‍വിന്‍ വില്‍സണ്‍|
Last Modified തിങ്കള്‍, 17 മെയ് 2021 (12:11 IST)
കേരളത്തില്‍ കോവിഡ് കര്‍വ് താഴ്ന്നു തുടങ്ങിയോ? കഴിഞ്ഞ ഒരാഴ്ചയിലെ കണക്കുകള്‍ പരിശോധിച്ചാല്‍ ആശ്വസിക്കാന്‍ വകയുണ്ട്. കഴിഞ്ഞ അഞ്ച് ദിവസത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് പരിശോധിച്ചാല്‍ ഇക്കാര്യം മനസിലാകും.
മേയ് 12 ന് കേരളത്തില്‍ 43,529 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 30 ന് അടുത്തായിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഈ കണക്ക് താഴാന്‍ തുടങ്ങി. മേയ് 13 ലേക്ക് എത്തിയപ്പോള്‍ രോഗികളുടെ എണ്ണം 39,955 ആയി, ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 28.61 ലേക്ക് താഴ്ന്നു. മേയ് 14 ല്‍ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് പിന്നെയും താഴ്ന്ന് 26.41 ആയി, രോഗികളുടെ എണ്ണം 34,694 ആയി കുറഞ്ഞു. മേയ് 15 ന് 32,680 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 26.65 ആയിരുന്നു. മേയ് 16 ന് (ഇന്നലെ) ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 25.61 ആയി കുറഞ്ഞപ്പോള്‍ രോഗികളുടെ എണ്ണം 29,704 ലേക്ക് എത്തി. കോവിഡ് കര്‍വ് താഴുന്നത് ഈ പാറ്റേണില്‍ തുടര്‍ന്നാല്‍ ആശ്വസിക്കാന്‍ വകയുണ്ടെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. രോഗികളുടെ എണ്ണം കുറയുന്നതിനൊപ്പം രോഗമുക്തി നേടുന്നവരുടെ എണ്ണം വര്‍ധിക്കുന്നതും കൂടുതല്‍ ആശ്വാസം പകരുന്നു.
കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 29.75 ല്‍ നിന്ന് കേരളത്തിന്റെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 25.61 ലേക്ക് താഴ്ന്നത് ശുഭലക്ഷണം തന്നെയാണ്. ടെസ്റ്റുകളുടെ എണ്ണം ഇപ്പോഴത്തെ പോലെ തുടരുകയും നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുകയും ചെയ്താല്‍ ടിപിആര്‍ ഇനിയും കുറയും. കോവിഡ് വ്യാപന തോത് ആയ റിപ്രൊഡക്ഷന്‍ നിരക്ക് (ആര്‍) 1.1 ആയി കുറഞ്ഞിട്ടുണ്ട്.
നിലവില്‍ 4,40,652 പേരാണ് കേരളത്തില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. മേയ് 25-ാം തീയതിയോടെ ഇത് നാല് ലക്ഷമായും 30 നകം 3.4 ലക്ഷമായും കുറയുമെന്നാണ് സര്‍ക്കാരിന്റെ പുതിയ പ്രൊജക്ഷന്‍ റിപ്പോര്‍ട്ട്.