തീരുമാനം വൈകില്ലെന്ന് ജോസ് കെ മാണി; ചെയര്‍മാന്‍ ആരാകണമെന്ന നിര്‍ദേശം വന്നിട്ടില്ലെന്ന് പിജെ ജോസഫ്

 kerala congress , pj joseph , Km mani , jose k mani , പിജെ ജോസഫ് , ജോസ് കെ മാണി , കേരളാ കോണ്‍ഗ്രസ്
തൊടുപുഴ| Last Modified ഞായര്‍, 12 മെയ് 2019 (16:46 IST)
ജോസ് കെ മാണി കേരളാ കോണ്‍ഗ്രസ് ചെയർമാനാകണമെന്ന ആവശ്യവുമായി മാണി വിഭാഗം രംഗത്ത് ഇറങ്ങിയതോടെ പ്രതിരോധവുമായി പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റ് പിജെ ജോസഫ്.

ജോസ് കെ മാണി പാർട്ടി ചെയർമാനാക്കാന്‍ നിര്‍ദേശിച്ചതായി കരുതുന്നില്ല. ജില്ല സെക്രട്ടറിമാര്‍ മാത്രമല്ല കാര്യങ്ങള്‍ തീരുമാനിക്കുന്നത്. പാർട്ടി നേതൃത്വമാണ് എല്ലാ കാര്യവും ചര്‍ച്ച ചെയ്‌ത് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സിഎഫ് തോമസിനെ പാർലമെന്ററി പാർട്ടി നേതാവാക്കണമെന്നും നിർ‌ദേശമില്ല. ഒരു വിഭാഗത്തിനു മാത്രം സ്ഥാനങ്ങൾ വേണമെന്ന നിർദേശം വരുമെന്നു കരുതുന്നില്ല. ‘പ്രതിച്ഛായ’യിലെ ലേഖനത്തിൽ വന്ന കാര്യങ്ങൾ തെറ്റാണ്. കെഎം മാണിക്കൊപ്പം താനും രാജിവയ്ക്കണമെന്ന തീരുമാനം പാർട്ടിയിൽ ഉണ്ടായിരുന്നില്ലെന്നും ജോസഫ് പറഞ്ഞു.

സിഎഫ് തോമസിനെ കണ്ട് സംസാരിച്ച മാണി വിഭാഗത്തിലെ ഒമ്പത് ജില്ലാ സെക്രട്ടറിമാരും ജോസ് കെ മാണിയുമായി കൂടിക്കാഴ്‌ച നടത്തി. പാർട്ടി ചെയർമാന്‍ സ്ഥാനം, പാർലമെന്ററി പാർട്ടി നേതാവ് സ്ഥാനം എന്നീ കാര്യങ്ങളില്‍ ചര്‍ച്ചയും നടന്നു. നിലവില്‍ ഒരു തീരുമാനവും ഇല്ലെന്നും എന്നാല്‍, തീരുമാനം വൈകില്ലെന്നും ജോസ് കെ മാണി വ്യക്തമാക്കി.

ജില്ലാ പ്രസിഡന്റുമാരുടെ നീക്കത്തിൽ സി.എഫ്. തോമസ് അതൃപ്തി അറിയിച്ചിരുന്നു. സമവായത്തിലൂടെ വിഷയത്തില്‍ പരിഹാരം കാണാനാണ് ശ്രമമെന്ന് അദ്ദേഹം അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :