ജോസഫിന്റെ പടയാളികള്‍ ഇടതുപാളയത്തില്‍; ഫ്രാൻസിസ് ജോര്‍ജും സംഘവും ഇടതുമായി ചര്‍ച്ച നടത്തി, വലവിരിച്ച് കോടിയേരി, കലിയടങ്ങാതെ മാണി

 കേരളാ കോണ്‍ഗ്രസ് (എം) , നിയമസഭ തെരഞ്ഞെടുപ്പ് , പിജെ ജോസഫ് ,  കെഎം മാണി
തിരുവനന്തപുരം/കോട്ടയം| ജിയാന്‍ ഗോണ്‍സാലോസ്| Last Updated: വെള്ളി, 26 ഫെബ്രുവരി 2016 (18:03 IST)
നിയമസഭ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കേ കേരളാ കോണ്‍ഗ്രസ് (എം) പിളര്‍പ്പിന്റെ വക്കത്ത്. തിരിച്ചടികളില്‍ പതറി നില്‍ക്കുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് ലഭിച്ച ഇരട്ടപ്രഹരാണ് മാണി കോണ്‍ഗ്രസിലെ സംഭവവികാസങ്ങള്‍. അതേസമയം, മധ്യകേരളത്തില്‍ കാര്യമായ പിടിയില്ലാത്ത സിപിഎമ്മിന് ലഭിച്ച സുവര്‍ണ്ണാവസരം മുതലെടുക്കാന്‍ ഒരുങ്ങുകയാണ്.

സീറ്റ് തര്‍ക്കത്തില്‍ പിജെ ജോസഫും കെഎം മാണിയും നേര്‍ക്കുനേര്‍ എത്തിയതോടെയാണ് ജോസഫ് വിഭാഗത്തിലെ പ്രമുഖരായ ഫ്രാൻസിസ് ജോർജ്, ആന്റണി രാജു, കെസി ജോസഫ് എന്നിവർ സിപിഎം നേതൃത്വവുമായി ചര്‍ച്ച നടത്തിയത്. മാണിയുമായി യോജിച്ചു പോകാന്‍ കഴിയില്ലെന്നാണ് യുഡിഎഫ് നേതൃത്വത്തെ ജോസഫ് വിഭാഗം അറിയിച്ചതിന് പിന്നാലെയാണ് ജോസഫിന്റെ വിശ്വസ്‌തര്‍ മറുകണ്ടം ചാടുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടി വിടുന്നത് ഉചിതമാകില്ലെന്നാണ് ജോസഫ് വ്യക്തമാക്കിയത്.

സിപിഎമ്മിലേക്ക് എത്തിയാല്‍ ഘടകകഷിയാക്കാമെന്നും തെരഞ്ഞെടുപ്പില്‍ പ്രത്യേക പരിഗണന നല്‍കുമെന്നുമാണ്
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇടതിലേക്ക് വരണമെങ്കില്‍ ഇപ്പോള്‍ വരണമെന്നും മാണി കോണ്‍ഗ്രസിലെ സാഹചര്യം നോക്കിയിരുന്ന ശേഷം ഒന്നും ലഭിക്കാതെ വരുബോള്‍ മാത്രം ഇങ്ങോട്ട് വരണ്ടെന്നുമാണ് കോടിയേരി വ്യക്തമാക്കി കഴിഞ്ഞു.

എന്നാല്‍ നിലവിലുള്ള ഹൈറേഞ്ച് സംരക്ഷണസമിതിയുടെ മാതൃകയില്‍ ഈ കര്‍ഷകമുന്നണിയും ഇടതുമുന്നണിയുമായി സഹകരിച്ച് മുന്നോട്ടുപോകാമെന്നാണ് ഫ്രാൻസിസ് ജോർജിന്റെയും സംഘത്തിന്റെ പദ്ധതി. മൂവാറ്റുപുഴയില്‍ ഫ്രാന്‍സിസ് ജോര്‍ജ് ഇടതുമുന്നണിയുടെ പിന്തുണയുളള സ്ഥാനാര്‍ത്ഥിയാകും. ഈ നീക്കം കോണ്‍ഗ്രസിലെ ജോസഫ് വാഴയ്ക്കന്റെ സാദ്ധ്യതകള്‍ക്ക് വലിയ തിരിച്ചടിയാകുമെന്ന് എല്ലാവര്‍ക്കും ബോദ്ധ്യമുണ്ട്. ഇതോടൊപ്പം കെസി ജോസഫിന് ചങ്ങനാശേരി സീറ്റും പിസി ജോസഫിന് ഇടുക്കി സീറ്റും നല്‍കാമെന്നാണ് വാഗ്ദാനം. ഇത് അവര്‍ ഏറെക്കുറെ അംഗീകരിച്ച മട്ടിലാണ്. ഈ നീക്കങ്ങള്‍ക്കെല്ലം ജോസഫിന്റെ മൌനസമ്മതമുണ്ടെന്നുമാണ് അറിയുന്നത്.

അതിനൊപ്പം തന്നെ യുഡിഎഫില്‍ നിന്ന് പുറത്തുവന്ന കേരളാ കോണ്‍ഗ്രസ് (ബി), പിസി ജോര്‍ജ് വിഭാഗം എന്നിവരുമായി ചേര്‍ന്ന് ഇടതിനോട് ചേര്‍ന്നു നില്‍ക്കുന്ന വിശാലസഖ്യം രൂപീകരിക്കാന്‍ സിപിഎം പച്ചക്കൊടി കാണിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. പൂഞ്ഞാര്‍ ജോര്‍ജിന് നല്‍കുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ മധ്യകേരളത്തിലെ സാധ്യതയുള്ള ഇടങ്ങളില്‍ ജോസഫ് വിഭാഗത്തിലെ ഉന്നതര്‍ക്ക് പ്രാധാന്യം നല്‍കാനാണ് സിപിഎം ആലോചിക്കുന്നത്. ആന്റണി രാജു മുമ്പ് മത്സരിച്ച തിരുവനന്തപുരം സെന്‍ട്രലില്‍ ഇക്കുറി സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥിയായിരിക്കും മത്സരിക്കുക എന്നതാണ് അദ്ദേഹത്തിന് തിരിച്ചടിയാകുക.

ബാര്‍ കോഴക്കേസില്‍ രാജിവെച്ചപ്പോള്‍ ഒപ്പം രാജിവക്കാന്‍ മാണി ആവശ്യപ്പെട്ടുവെങ്കിലും ജോസഫ് ആ നീക്കം പൊളിച്ചതാണ് മാണിക്ക് ജോസഫിനോട് വൈരാഗ്യം തോന്നാന്‍ കാരണമായത്. തുടര്‍ന്ന് ഇരു നേതാക്കളും നല്ല ബന്ധത്തില്‍ ആല്ലായിരുന്നു. പിന്നാലെ റബര്‍ വിലയില്‍ ഇടിവ് സംഭവിച്ചതും കര്‍ഷകരെ സഹായിക്കാന്‍ മാണി തയാറാകാത്തതും ബന്ധത്തില്‍ വിള്ളല്‍ വീഴാന്‍ കാരണമായി. റബ്ബര്‍ വിലയിടിവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ കേരളാ കോണ്‍ഗ്രസ് സംഘടിപ്പിച്ച പാര്‍ലമെന്റ് മാര്‍ച്ചില്‍ നിന്ന് ജോസഫ് വിഭാഗം വിട്ടുനിന്നിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :