സഭയിലുള്ളത് അഴിമതിക്കാരുടെ ചാമ്പ്യന്മാര്‍‍; അഴിമതി വീരന്മാരെ വെച്ച് ഭരണം തുടരരുതെന്ന് പ്രതിപക്ഷനേതാവ്

തിരുവനന്തപുരം| JOYS JOY| Last Modified വെള്ളി, 5 ഫെബ്രുവരി 2016 (10:17 IST)
അഴിമതി വീരന്മാരെ വെച്ച് ഭരണം തുടരരുതെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ഗവര്‍ണറുടെ നയപ്രഖ്യാപനപ്രസംഗം ബഹിഷ്‌കരിച്ച് നിയമസഭയില്‍ നിന്നുള്ള ഇറങ്ങിപ്പോക്കിന് ശേഷമായിരുന്നു വി എസിന്റെ പ്രതികരണം. സഭക്ക് പുറത്ത് പ്രതിപക്ഷ എം എൽ എമാരുടെ പ്രതിഷേധ ധർണയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗവര്‍ണറുമായി പ്രതിപക്ഷത്തിന് അഭിപ്രായഭിന്നതയില്ല. ഗവര്‍ണറോടുള്ള ബഹുമാനക്കുറവ് കൊണ്ടല്ല പ്രതിപക്ഷം ഇറങ്ങിപ്പോയത്. അഴിമതി വീരന്മാര്‍ക്ക് വേണ്ടി നയപ്രഖ്യാപനപ്രസംഗം നടത്തുന്നതിനോടാണ് ഭിന്നത. ഇക്കാര്യത്തില്‍ കേരളത്തിന്റെ പ്രതിഷേധം ഗവര്‍ണറെ അറിയിച്ചെന്നും സഭയ്ക്കു പുറത്ത് അദ്ദേഹം പറഞ്ഞു.

ബാർ, സോളർ, പാമോലിൻ, പാറ്റൂർ അടക്കം കോഴ ആരോപണങ്ങൾ നേരിടുന്ന അഴിമതി വീരന്മാരാണ് സഭയിലുള്ളത്. അഴിമതി വീരന്മാരായ കെ ബാബു, ആര്യാടൻ മുഹമ്മദ് എന്നിവരെവെച്ച് സഭ മുന്നോട്ടു പോകാൻ സാധിക്കില്ല. അഴിമതിക്കാരുടെ ചാമ്പ്യന്മാരാണ് മന്ത്രിസഭയിലുള്ളതെന്നും വി എസ് ആരോപിച്ചു.

പ്രതിപക്ഷത്തോടൊപ്പം സഭ ബഹിഷ്‌കരിച്ച കെ ബി ഗണേഷ് കുമാര്‍ എം എല്‍ എ പ്രതിപക്ഷം സഭയ്ക്ക് പുറത്ത് നടത്തിയ പ്രതിഷേധ ധർണയിലും പങ്കെടുത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :