തിരുവനന്തപുരം പിടിക്കാൻ ബിജെപി, സുരേഷ്‌ഗോപിയും കൃഷ്‌ണകുമാറും സ്ഥാനാർത്ഥികളായേക്കും

അഭിറാം മനോഹർ| Last Modified തിങ്കള്‍, 4 ജനുവരി 2021 (17:27 IST)
വരാനിരിക്കുന്ന നിയമസഭാ തെരെഞെടുപ്പിൽ തിരുവനന്തപുരത്തെ തങ്ങളുടെ സ്വാധീനം വോട്ടുകളാക്കാനുറച്ച് ബിജെപി.
ബിജെപിയുടെ പ്രധാന നേതാക്കളായ കുമ്മനം രാജശേഖരൻ നേമത്തും പികെ കൃഷ്‌ണദാസ് കാട്ടാക്കടയിലും കഴക്കൂട്ടത്തും മത്സരിച്ചേക്കുമെന്നാണ് സൂചന. പാർട്ടിയിലെ ഒരു വിഭാഗം ഇത്തരം ഒരാവശ്യം ഉന്നയിച്ചിട്ടുണ്ട്.

അതേസമയം സിനിമാ താരങ്ങളായ സുരേഷ് ഗോപിയേയും കൃഷ്ണകുമാറിനെയും മത്സരിപ്പിക്കാനും ആലോചനയുണ്ട്. കൃഷ്‌ണകുമാറിനോട് പാർട്ടി പരിപാടികളിൽ സജീവമാകാനും നിർദേശമുണ്ട്. തിരുവനന്തപുരം നേമം ഉറച്ച സീറ്റാണെന്നാണ് ബിജെപി വിലയിരുത്തൽ. കുമ്മനം രാജശേഖരനെ നേമത്ത് മത്സരിപ്പിക്കണമെന്ന് ആർഎസ്എസ് നിർദേശമുണ്ട്. കാട്ടാക്കടയില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് കൂടിയത് നിയമസഭ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്ന് നേതൃത്വം അവകാശപ്പെടുന്നു.

അതേസമയം കോന്നിയില്‍ കെ.സുരേന്ദ്രന്‍ മത്സരിക്കണമെന്ന് പത്തനംതിട്ട ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. കെ.സുരേന്ദ്രന്‍ മത്സരിക്കുന്ന കാര്യത്തില്‍ ദേശീയ നേതൃത്വമാണ് തീരുമാനമെടുക്കേണ്ടത്.വിവി രാജേഷ് വട്ടിയൂർകാവിൽ മത്സരിക്കാൻ താത്‌പര്യം അറിയിച്ചിട്ടുണ്ട്. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷ് അടുത്ത ആഴ്ച കേരളത്തില്‍ എത്തിയതിന് ശേഷമായിരിക്കും സ്ഥാനാർത്ഥിത്വ വിഷയത്തിൽ തുടര്‍ ചര്‍ച്ചകളുണ്ടാകുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :