രേണുക വേണു|
Last Modified വ്യാഴം, 10 ജൂണ്‍ 2021 (11:05 IST)
എ,ഐ ഗ്രൂപ്പുകള്‍ക്ക് പൂട്ടിടാന്‍ കെ.സി.വേണുഗോപാലിന്റെ നീക്കം. പ്രതിപക്ഷ നേതാവിനെയും കെപിസിസി അധ്യക്ഷനെയും തീരുമാനിച്ചതില്‍ അടക്കം നിര്‍ണായ സ്വാധീനമായത് വേണുഗോപാല്‍. എ,ഐ ഗ്രൂപ്പുകളുടെ പോരടിക്കലാണ് കേരളത്തില്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തിയതെന്ന് വേണുഗോപാല്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഗ്രൂപ്പുകള്‍ക്ക് അതീതമായി നേതൃസ്ഥാനത്തേക്ക് വി.ഡി.സതീശനെയും കെ.സുധാകരനെയും കൊണ്ടുവന്നത്.
കെ.സി.വേണുഗോപാല്‍ കേരള രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ്. കോണ്‍ഗ്രസിനുള്ളില്‍ എല്ലാ തലത്തിലും മാറ്റം കൊണ്ടുവരികയാണ് വേണുഗോപാല്‍ ഉദ്ദേശിക്കുന്നത്. വര്‍ക്കിങ് പ്രസിഡന്റുമാരെ അടക്കം തീരുമാനിച്ചതില്‍ വേണുഗോപാല്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിരുന്നു. എ,ഐ ഗ്രൂപ്പുകളുടെ വീതംവയ്പ്പ് രാഷ്ട്രീയത്തെ പടിക്ക് പുറത്ത് നിര്‍ത്തണമെന്നാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും ഹൈക്കമാന്‍ഡില്‍ ഏറ്റവും സ്വാധീനവുമുള്ള വേണുഗോപാല്‍ കേരളത്തിലെ നേതൃത്വത്തിനു നല്‍കിയിരിക്കുന്ന നിര്‍ദേശം. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും തന്റെ നേതൃത്വത്തിലുള്ള ഒരു നിരയെ കേരളത്തില്‍ സൃഷ്ടിക്കാനാണ് വേണുഗോപാലിന്റെ നീക്കം. എ,ഐ ഗ്രൂപ്പുകളെ വെട്ടിനിരത്തി ഔദ്യോഗിക പക്ഷമാകാനാണ് വേണുഗോപാലും സംഘവും പരിശ്രമിക്കുന്നത്. ഇതിലൂടെ 2026 ല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുക എന്ന മോഹവും പൂവണിയും.
പാര്‍ട്ടിയെ പൂര്‍ണമായി തന്റെ അധീനതയിലേക്ക് കൊണ്ടുവന്നിരിക്കുകയാണ് പ്രതിപക്ഷ നേതാവ്, കെപിസിസി അധ്യക്ഷന്‍ എന്നിവരെ തീരുമാനിച്ചതിലൂടെ വേണുഗോപാല്‍ ചെയ്തിരിക്കുന്നത്. കേരളത്തിലെ പ്രബല ഗ്രൂപ്പുകളായ എ, ഐ നേതൃത്വത്തെ പൂര്‍ണമായി നിരാശപ്പെടുത്തിയാണ് വേണുഗോപാലിന്റെ പൂഴിക്കടകന്‍.
കെപിസിസി അധ്യക്ഷനായി സുധാകരനെ കൊണ്ടുവന്നത് വേണുഗോപാലിന്റെ ചരടുവലിയാണ്. എ,ഐ ഗ്രൂപ്പുകള്‍ക്ക് പ്രിയപ്പെട്ട നേതാക്കളെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവന്നാല്‍ പാര്‍ട്ടി വീണ്ടും ഗ്രൂപ്പ് വീതംവയ്ക്കലിലേക്ക് പോകും. ഇത് ഒഴിവാക്കാനാണ് വേണുഗോപാല്‍ തുടക്കംമുതല്‍ ശ്രദ്ധിച്ചത്. പ്രതിപക്ഷ നോതാവ്, കെപിസിസി അധ്യക്ഷന്‍ എന്നിവരെ തീരുമാനിക്കുന്നതില്‍ ഹൈക്കമാന്‍ഡിലെ അവസാന സ്വരം വേണുഗോപാലിന്റേതായിരുന്നു. പ്രതിപക്ഷ നേതാവിനെയും കെപിസിസി അധ്യക്ഷനെയും തീരുമാനിക്കുന്നതിനു മുന്‍പ് എഐസിസി അധ്യക്ഷ സോണിയ ഗാന്ധിയും മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും വേണുഗോപാലുമായി ഒന്നിലേറെ തവണ ചര്‍ച്ച നടത്തി. കേരളത്തിലെ നേതൃമാറ്റത്തിലും വരാന്‍ പോകുന്ന സംഘടനാ തിരഞ്ഞെടുപ്പിലും അവസാന വാക്ക് വേണുഗോപാലിന്റേതാണ്.
എ,ഐ ഗ്രൂപ്പുകളെ നിഷ്പ്രഭമാക്കി പുതിയൊരു നേതൃത്വമായി വളര്‍ന്നുവരാന്‍ വഴിമരുന്നിടുകയാണ് വേണുഗോപാല്‍ ചെയ്തിരിക്കുന്നത്. ഹൈക്കമാന്‍ഡിലുള്ള സ്വാധീനം വേണുഗോപാലിന് തുണയായി. രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തന് കൂടിയാണ് വേണുഗോപാല്‍. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ദയനീയ പരാജയത്തിനു കാരണം ഗ്രൂപ്പ് പോര് ആണെന്നും നേതൃസ്ഥാനങ്ങള്‍ ഗ്രൂപ്പ് നോക്കി വീതംവച്ചാല്‍ ഇനിയും തിരിച്ചടി നേരിടേണ്ടിവരുമെന്നും ഹൈക്കമാന്‍ഡിനെ ബോധ്യപ്പെടുത്താന്‍ വേണുഗോപാലിന് സാധിച്ചു. രമേശ് ചെന്നിത്തലയെയും ഉമ്മന്‍ചാണ്ടിയെയും പോലെയുള്ള മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായങ്ങളെ വെട്ടി പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാന്‍ ഹൈക്കമാന്‍ഡ് ധൈര്യം കാണിച്ചതും അതുകൊണ്ടാണ്.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനും ഹൈക്കമാന്‍ഡില്‍ നിന്ന് കൃത്യമായ നിര്‍ദേശം ലഭിച്ചിട്ടുണ്ട്. ഗ്രൂപ്പുകള്‍ക്ക് അതീതമായി പ്രവര്‍ത്തിക്കണമെന്നാണ് ആ നിര്‍ദേശം. കെ.സി.വേണുഗോപാല്‍ തന്നെയാണ് നേതൃത്വത്തിന് ഇങ്ങനെയൊരു നിര്‍ദേശം നല്‍കിയിരിക്കുന്നത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും പാര്‍ട്ടിയില്‍ അടിമുടി മാറ്റം കൊണ്ടുവരികയാണ് വേണുഗോപാല്‍ ലക്ഷ്യമിടുന്നത്. അതോടൊപ്പം അടുത്ത തിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും വേണുഗോപാല്‍ തന്റെ പ്രവര്‍ത്തനമണ്ഡലം കേരളത്തിലേക്ക് മാറ്റാനും ഉദ്ദേശിക്കുന്നുണ്ട്.