കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്: തെരഞ്ഞെടുപ്പ് ഫലം നിര്‍ണായകമാകും

കൊച്ചി| Last Modified ബുധന്‍, 14 മെയ് 2014 (11:58 IST)
പശ്ചിമഘട്ട സംരക്ഷണത്തിനുള്ള കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ ഭാവി തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ വ്യക്തമാകും. കരട് വിജ്ഞാപനത്തിലെത്തി നില്‍ക്കുന്ന റിപ്പോര്‍ട്ടിന്‍മേല്‍ പുതിയ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാകും. കൂടാതെ ഇടുക്കിയുള്‍പ്പെടെ സംസ്ഥാനത്തെ മലയോര മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം കസ്തൂരിരംഗന്‍ വിരുദ്ധ സമരങ്ങളുടെയും രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളുടെയും ഹിതപരിശോധനാ ഫലം കൂടിയാവും.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ ഭാവി എന്താകും?, കസ്തൂരിരംഗനെ ചൊല്ലിയുണ്ടാകാനുള്ള രാഷ്ട്രീയ മാറ്റങ്ങളുടെ സാധ്യതയെന്ത്?, സമരങ്ങള്‍ എങ്ങിനെ തുടരും? എന്നിങ്ങനെ മൂന്ന് ചോദ്യങ്ങളാണ് ഇത് മുന്‍‌നിര്‍ത്തി ഉയര്‍ന്നു വരുന്നത്.

തുടര്‍ സമരങ്ങളുടെ ഭാവി ഇടുക്കിയിലെ ഫലം അനുസരിച്ചിരിക്കും. യുഡിഎഫ് ജയിച്ചാല്‍ സമരങ്ങളുടെ പ്രസക്തി ചോദ്യംചെയ്യപ്പെടും. സമരം തുടര്‍ന്നാലും അതിനെ അവഗണിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ധൈര്യവും ലഭിക്കും. എന്നാല്‍ ജയം ജോയ്സ് ജോര്‍ജിനാണങ്കില്‍ സമരങ്ങള്‍ക്കുള്ള പച്ചക്കൊടിയായി മാറും. സമരക്കാര്‍ക്കൊപ്പം ജനപ്രതിനിധിയും അണിനിരക്കാം.

ജോയ്സ് വിജയിച്ചാല്‍ യുഡിഎഫില്‍ പുതിയ പ്രതിസന്ധികള്‍ക്കും കളമൊരുക്കും. കേരളാ കോണ്‍ഗ്രസ് ഉയര്‍ത്തുന്ന സമ്മര്‍ദ്ദങ്ങള്‍ക്ക് തീവ്രത കൂടും. പ്രത്യേകിച്ചും അടുത്ത ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് കാലമാകുമ്പോള്‍. ഇതിനെല്ലാമപ്പുറം റിപ്പോര്‍ട്ട് നടപ്പാകുമോ എന്ന പ്രധാന ചോദ്യത്തിന്റെ ഉത്തരം കേന്ദ്രം ആര് ഭരിക്കുന്നുവെന്നതനുസരിച്ചാണ്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ അനുകൂലിക്കുന്നതിനാല്‍ ബിജെപി അധികാരത്തിലെത്തിയാല്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന് അനുകൂല നിലപാടെടുത്തേക്കും. എന്നാല്‍ യുപിഎയോ മൂന്നാം മുന്നണിയോ ആണങ്കില്‍ കേരളം ചെലുത്തുന്ന സമ്മര്‍ദ്ദങ്ങള്‍ക്ക് സാവകാശം ലഭിച്ചേക്കാം.

അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് ഫലത്തെ ആശങ്കയോടെയാണ് സമരക്കാര്‍ കാണുന്നത്. റിപ്പോര്‍ട്ട് ജനഹിതമനുസരിച്ച് മാറണമെന്നതാണ് ഭൂരിപക്ഷത്തിന്റെയും ആവശ്യം. പ്രശ്നങ്ങള്‍ക്ക് പരിഹാരം വേണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കാന്‍ തന്നെയാണ് സമരക്കാരുടെ തീരുമാനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :