സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 14 മാര്‍ച്ച് 2025 (10:30 IST)
മാങ്ങാ അച്ചാറില്‍ അളവില്‍ കൂടുതല്‍ രാസവസ്തു കണ്ടെത്തിയ സംഭവത്തില്‍ കടയുടമയ്ക്കും നിര്‍മ്മാതാവിനും പിഴ വിധിച്ച് കോടതി. കാസര്‍കോട് നഗരത്തിലെ മെട്രോ റീഡേഴ്‌സ് എന്ന കടയില്‍ നിന്ന് വാങ്ങിയ അച്ചാറിലാണ് അനുവദനീയമായ അളവില്‍ കൂടുതല്‍ പ്രിസര്‍വേറ്റീവായ ബെന്‍സോയേറ്റ് കണ്ടെത്തിയത്.
കടയുടമയ്ക്ക് 5000 രൂപ പിഴയും അച്ചാര്‍ നിര്‍മ്മാതാവിന് 25,000 രൂപയുമാണ് കാസര്‍ഗോഡ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ശിക്ഷയായി വിധിച്ച പിഴ. ഇടുക്കിയിലെ ഫൈന്‍ഡ് ഫുഡ്‌സിന്റെ ഉടമ സജിനി സാജന്‍ ആണ് അച്ചാറിന്റെ നിര്‍മ്മാതാവ്. ഭക്ഷ്യസുരക്ഷാ നിയമം 2006ലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കോടതി ശിക്ഷിച്ചത്.
ഭക്ഷ്യവസ്തുക്കള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുവാണ് ബെന്‍സോയെറ്റ്. അച്ചാറുകള്‍, ജാം, ജ്യൂസുകള്‍ എന്നിവയിലാണ് ഇത് ഉപയോഗിക്കുന്നത്. ഇത് അളവില്‍ കൂടുതല്‍ ശരീരത്തില്‍ എത്തിയാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.