രാജ്യം ഭരിക്കുന്നത് ആര്‍‌എസ്‌എസ്: കാരാട്ട്

ആലപ്പുഴ| vishnu| Last Modified വെള്ളി, 20 ഫെബ്രുവരി 2015 (12:57 IST)
രാജ്യത്ത് ഭരണം നിയന്ത്രിക്കുന്നത് ആര്‍‌എസ്‌എസ് ആണെന്ന് സി‌പി‌എം ദേശീയ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് കുറ്റപ്പെടുത്തി. സിപിഎം 21-)ം പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായുള്ള സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സസംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയെ മാത്രമല്ല കേന്ദ്രസര്‍ക്കാരിനേയും നിയന്ത്രിക്കുന്നത് ആര്‍‌എസ്‌എസ് ആണ്. രാജ്യത്ത് വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാനാണ് നീക്കമെന്നും ബംഗാളില്‍ ഇപ്പോഴും സിപി‌എം പ്രവര്‍ത്ത‌കര്‍ ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരായാകുന്നതായും അദ്ദേഹം ആരോപിച്ചു. കേന്ദ്രസര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണ് നിലപാടുകള്‍ എടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉദ്ഘാടന സമ്മേളനത്തില്‍ ജെഡിയു നേതാവ് എം.വി.ശ്രേയാംസ്കുമാര്‍ എംഎല്‍എ പങ്കെടുത്തു. യുഡിഎഫിന്റെ ഘടകകക്ഷി എംഎല്‍യായ ശ്രേയാംസ് പ്രത്യേക ക്ഷണിതാവായാണ് എത്തിയത്. കൂടാതെ സിനിമാ സാഹിത്യരംഗത്തെ ഒട്ടേറെ പ്രമുഖരും ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്തു. ടി.പത്മനാഭന്‍, ഇന്നസെന്റ് എം.പി, മുകേഷ്, പ്രതാപ് പോത്തന്‍, ലെനിന്‍ രാജേന്ദ്രന്‍, ബി.ഉണ്ണിക്കൃഷ്ണന്‍, പ്രേംകുമാര്‍, നീന പ്രസാദ്, ബാലചന്ദ്രന്‍ ചുള്ളിക്കാട്, വി.കെ.ശ്രീരാമന്‍, ആഷിക് അബു തുടങ്ങിയവരാണ് പങ്കെടുത്തത്.

മുതിര്‍ന്ന നേതാവ് വിഎസ് അച്യുതാനന്ദന്‍ പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്. പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനാണ് വിഎസിനെ പതാക ഉയര്‍ത്താന്‍ ക്ഷണിച്ചത്. രാവിലെ 9 മണിക്ക് വലിയ ചുടുകാട്ടിലെ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പചക്രം അര്‍പ്പിച്ച ശേഷമാണ് നേതാക്കള്‍ പ്രതിനിധി സമ്മേളനഗരിയിലെത്തിയത്. രക്തസാക്ഷി മണ്ഡപങ്ങളില്‍ നിന്നെത്തിച്ച ദീപശിഖ പിണറായി വിജയന്‍ സമ്മേളന നഗരിയില്‍ കൊളുത്തി.

നാളെയും ഞായറാഴ്ചയും ചര്‍ച്ച തുടരും. രണ്ടു ദിവസങ്ങളിലായി എട്ടു മണിക്കൂര്‍ ചര്‍ച്ചയാണു ക്രമീകരിച്ചിട്ടുള്ളത്. തിങ്കളാഴ്ച രാവിലെ പുതിയ സംസ്ഥാന സെക്രട്ടറി തിരഞ്ഞെടുപ്പു നടക്കും. വൈകിട്ടു കാല്‍ ലക്ഷം ചുവപ്പു വൊളന്റിയര്‍മാരുടെ പരേഡും ലക്ഷം പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന പൊതുസമ്മേളനവും നടക്കും. ഇഎംഎസ് സ്റ്റേഡിയത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.


ചിത്രത്തിന് കടപ്പാട് സിപി‌എം ഫേസ്ബുക്ക് പേജ്


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :