കോവിഡ് രോഗികള്‍ക്കുള്ള ഡയാലിസിസ് മുടങ്ങില്ല: ഡയാലിസിസ് ചികിത്സ ഇന്നുതന്നെ പുന:രാരംഭിക്കും

ശ്രീനു എസ്| Last Modified വെള്ളി, 28 മെയ് 2021 (16:10 IST)
തിരുവനന്തപുരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ (പരിയാരം) ഡയാലിസിസ് മെഷീന്‍ പ്രവര്‍ത്തിപ്പിക്കാനാവശ്യമായ ആര്‍.ഒ. വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റ് തകരാറിലായതിനെത്തുടര്‍ന്ന് ഡയാലിസിസ് ചികിത്സ താത്ക്കാലികമായി മുടങ്ങിയതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അടിയന്തരമായി ഇടപെട്ടു. തകരാറിലായ ആര്‍.ഒ. വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റിന്റെ പ്രവര്‍ത്തനം ഇന്നു തന്നെ പുന:സ്ഥാപിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കോവിഡ് രോഗികള്‍ക്കുള്ള ഡയാലിസിസ് മുടങ്ങില്ലെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളും അറിയിച്ചിട്ടുണ്ട്.

മൂന്നാഴ്ച മുമ്പ് പഴയ പ്ലാന്റിന്റെ ഒരു മോട്ടോര്‍ കേടായത് ഡയാലിസിസ് മുടങ്ങാതെ തന്നെ പരിഹരിച്ചിരുന്നു. ഫില്‍ട്ടര്‍ മെമ്പ്രൈന്‍ തകരാറിലായതാണ് നിലവിലെ പ്രശ്നം. സാങ്കേതിക വിദഗ്ധര്‍ എറണാകുളത്തു നിന്നുമാണ് എത്തേണ്ടത്. ഇന്ന് വൈകുന്നേരത്തോടെ തന്നെ തകരാറ് പരിഹരിക്കാന്‍ കഴിയും. അതേസമയം തന്നെ ഡയാലിസിസ് ചികിത്സ ആവശ്യമുള്ള കോവിഡ് രോഗികള്‍ക്ക് ചികിത്സ മുടങ്ങാതെ നടന്നുവരുന്നുണ്ട്. സ്വതന്ത്രമായ ചെറിയ ആര്‍.ഒ. പ്ലാന്റ് സഹായത്തോടെയാണ് ഇത് തുടര്‍ന്നു വരുന്നത്. അത്യാവശ്യമുള്ള മറ്റ് ഡയാലിസ് രോഗികളെ സി.എച്ച്. സെന്ററിലേക്കും, തളിപ്പറമ്പ്, പയ്യന്നൂര്‍ താലൂക്ക് ആശുപത്രികളിലേക്കും അയച്ചിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :