കണ്ണൂര്‍|
jibin|
Last Updated:
ബുധന്‍, 18 നവംബര്‍ 2015 (12:07 IST)
കണ്ണൂര്‍ കോര്പ്പറേഷന് എല്‍ഡിഎഫിന്. കോണ്‍ഗ്രസ് വിമതന് പികെ രാഗേഷ് എല്‍ഡിഎഫിന് പിന്തുണ നല്കുമെന്നു പരസ്യമായി വ്യക്തമാക്കിയതോടെയാണ് കോര്പ്പറേഷന് ഭരണം ഇടതിന് സ്വന്തമായത്. രാഗേഷ് ഉന്നയിച്ച ആവശ്യങ്ങള്‍ കണ്ണൂര്‍ ഡിസിസി തള്ളിയതോടെയാണ് കോര്പ്പറേഷന് എല്‍ഡിഎഫ് പിടിച്ചത്.
യുഡിഎഫ് മേയർ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച സുമ ബാലകൃഷ്ണനെ പിൻവലിച്ചില്ലെങ്കിൽ എൽഡിഎഫിന് നിരുപാധിക പിന്തുണ നൽകുമെന്ന് ഡിസിസി നേതൃത്വത്തെ രാഗേഷ് അറിയിച്ചിരുന്നു. കൂടാതെ കണ്ണൂർ ടൗൺ എസ്ഐ സനൽകുമാറിനെയും സഹകരണ രജിസ്ട്രാറെയും സ്ഥലം മാറ്റണമെന്നതടക്കം ഒമ്പത് ആവശ്യങ്ങളും കോണ്‍ഗ്രസ് വിമതന് ഡിസിസിക്ക് മുന്നില്‍ വെച്ചിരുന്നു. എന്നാല്‍ ഈ ആവശ്യങ്ങള്‍ ഒന്നും കോൺഗ്രസ് അംഗീകരിക്കാതെ വന്നതോടെ രാഗേഷ് എൽഡിഎഫിന് പിന്തുണ നല്കുമെന്നു വ്യക്തമാക്കുകയായിരുന്നു.
രാഗേഷ് അനുകൂലികളുടെ യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. എന്നാല്‍, കണ്ണൂര്‍ ഡിസിസി ഈ ആവശ്യം തള്ളിയതോടെയാണ് രാഗേഷ് എല്‍ഡിഎഫിന് പിന്തുണ നല്കുമെന്നു വ്യക്തമാക്കിയത്. രാഗേഷിനെ വിമതനാക്കിയത് കെ.സുധാകരന്റെ തന്നിഷ്ടമാണെന്ന് കണ്ണൂരിലെ എ ഗ്രൂപ്പ് നേതാക്കള്‍ ആരോപിച്ചു. സുധാകരനെതിരേ എ ഗ്രൂപ്പ് നേതാക്കള്‍ കെപിസിസിക്കു പരാതി നല്‍കിയിട്ടുണ്ട്.
കെ സുധാകരനെതിരെ രൂക്ഷഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചു രാഗേഷ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
സുധാകരന്റെ ഔദാര്യം വാങ്ങി പാര്‍ട്ടി പ്രവര്‍ത്തനം നടത്തേണ്ട ആവശ്യം തനിക്കില്ല. തന്റെ കാര്യം തീരുമാനിക്കേണ്ടത് ഡിസിസി നേതൃത്വമോ സുധാകരനോ അല്ല. ആരെ പിന്തുണയ്ക്കണമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം ഇന്നലെ വ്യക്തമാക്കിയിരുന്നു.
താന്‍ മുന്നോട്ട് വച്ച ഉപാധികളില്‍ നിന്ന് പിന്നോട്ടില്ല. തന്നെ പുറത്താക്കിയവരില്‍ വിശ്വാസമില്ല. കെപിസിസിയില്‍ ഇപ്പോഴും വിശ്വാസം ഉണ്ട്. കെപിസിസിയില്‍ നിന്ന് അനുകൂലമായ തീരുമാനം ഉണ്ടായാല്‍ താന്‍ നയം വ്യക്തമാക്കാമെന്നും രാഗേഷ് പറഞ്ഞു.