മിശ്രവിവാഹം വിശ്വാസത്തിന് എതിരെന്ന് ബിഷപ്പ് മാത്യു ആനിക്കുഴിക്കാട്ടില്‍

കാഞ്ഞിരപ്പള്ളി| JOYS JOY| Last Modified ശനി, 13 ജൂണ്‍ 2015 (16:02 IST)
മിശ്രവിവാഹം വിശ്വാസത്തിന് എതിരെന്ന് ഇടുക്കി ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍. കാഞ്ഞിരപ്പള്ളി രൂപതയുടെ പത്താമത് പാസ്റ്ററല്‍ കൌണ്‍സിലിന്റെ ആദ്യയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മിശ്രവിവാഹം വിശ്വാസത്തിന് എതിരാണ്. സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും വിശ്വാസികള്‍ എന്ന നിലയില്‍ മിശ്രവിവാഹത്തെ എതിര്‍ക്കേണ്ടതാണ്. ലവ് ജിഹാദും എസ് എന്‍ ഡി പിയുടെ ഗൂഢലക്ഷ്യങ്ങളും ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ വഴി തെറ്റിക്കുകയാണ്.

അന്യമതസ്ഥരായ യുവാക്കളുടെ പ്രണയത്തില്‍ വീഴുന്ന സഭാവിശ്വാസികളായ പെണ്‍കുട്ടികള്‍ അവരോടൊപ്പം വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകുന്ന സംഭവങ്ങള്‍ വര്‍ദ്ധിക്കുകയാണ്. ദേവാലയങ്ങളില്‍ വെച്ച് നടക്കുന്ന 100 വിവാഹങ്ങളില്‍ ആറെണ്ണം മിശ്രവിവാഹമാണ്.

വിശ്വാസികളെന്ന നിലയില്‍ ഇത് തടയേണ്ടതാണ്. 18 വയസു വരെ മാതാപിതാക്കളോടൊപ്പം താമസിക്കുകയും 12ആം ക്ലാസുവരെ വേദപഠനം നടത്തുകയും ചെയ്യുന്ന പെണ്‍കുട്ടികള്‍ മറ്റു മതക്കാരോടൊപ്പവും ഓട്ടോക്കാരോടൊപ്പവും ഇറങ്ങിപ്പോവുകയാണ്. കഴിഞ്ഞ വര്‍ഷം കോടതി മുഖേന 5000 ജീവിതങ്ങള്‍ വേര്‍പെട്ടു. യൂറോപ്പ് മോഡലിന്റെ പ്രതിഫലനമാണിത്. പടിഞ്ഞാറന്‍ കാറ്റ് ആഞ്ഞുവീശുകയാണ്. ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ കെണിയില്‍ അകപ്പെട്ട് ഇറങ്ങിപ്പോകുന്നത് തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :