സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 4 ജനുവരി 2025 (21:04 IST)
കലാപ്രകടനം എന്നതിലുപരി അതിജീവനത്തിന്റെ കൂടി നേര്‍ക്കാഴ്ചയാവുകയാണ് ഇത്തവണത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ 63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മുണ്ടക്കൈ-ചൂരല്‍മല ദുരന്തം അതിജീവിച്ച വെള്ളാര്‍മല ജിഎച്ച്എസിലെ വിദ്യാര്‍ത്ഥികള്‍ ഉദ്ഘാടന വേദിയില്‍ സംഘനൃത്തം അവതരിപ്പിക്കാനെത്തിയത് അതീവ സന്തോഷകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഒരു ദേശത്തിലെ മുഴുവന്‍ കൗമാര പ്രതീക്ഷകളും വര്‍ഷത്തിലൊരിക്കല്‍ ഒരിടത്ത് ഒത്തുകൂടി മികവു പ്രകടിപ്പിക്കുന്ന രീതി ലോകത്ത് മറ്റെവിടെയെങ്കിലുമുണ്ടോ എന്ന കാര്യം സംശയമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു തലമുറയുടെ മുഴുവന്‍ സര്‍ഗവൈഭവവും ആശകളും പ്രതീക്ഷകളും ആശയലോകവും ആദര്‍ശലോകവുമാണ് ഇവിടങ്ങളില്‍ മാറ്റുരയ്ക്കപ്പെടുന്നത് എന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ചരിത്രത്തില്‍ ആദ്യമായി തദ്ദേശീയ ജനതയുടെ അഞ്ച് നൃത്തരൂപങ്ങള്‍ കൂടി മത്സരയിനങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രാക്തന കലകളുടെയും ക്ലാസിക് കലകളുടെയും സംഗമവേദിയാവുകയാണ് ഈ കലോത്സവമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എം ടി വാസുദേവാന്‍ നായരുടെ കലാസൃഷ്ടികള്‍ക്ക് വ്യത്യസ്തമായ വ്യാഖ്യാനങ്ങള്‍ ഉണ്ടാകുന്ന വേദിയാണ് സ്‌കൂള്‍ കലോത്സവമെന്ന് അനുസ്മരിച്ച മുഖ്യമന്ത്രി അദ്ദേഹത്തിന്റെ സ്മരണയ്ക്കു മുമ്പില്‍ പ്രണാമം അര്‍പ്പിച്ചു. കലോത്സവ വേദികളില്‍ മാറ്റുരച്ച നിരവധി പ്രതിഭകള്‍ കേരളത്തിന്റെ സാമൂഹിക-സാംസ്‌കാരിക മണ്ഡലങ്ങളില്‍ പിന്നീട് വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ആ ബൃഹത്പാരമ്പര്യം ഉള്‍ക്കൊണ്ടുവേണം ഈ കലോത്സവങ്ങളില്‍ പങ്കെടുക്കാനെന്ന് മുഖ്യമന്ത്രി മല്‍സരാര്‍ഥികളെ ഓര്‍മിപ്പിച്ചു. നമ്മുടെ നാടിന്റെ സാംസ്‌കാരിക ഉന്നമനത്തിനായി നാളെ ഈ സമൂഹത്തെ നയിക്കേണ്ടവരാണ് എന്ന ബോധ്യത്തോടെ വേണം കുട്ടികള്‍ മേളയില്‍ പങ്കെടുക്കാന്‍. ഈ കലോത്സവത്തിലെ പങ്കാളിത്തമാണ് വിജയത്തേക്കാള്‍ വലിയ നേട്ടമെന്ന തിരിച്ചറിവുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.