അഭിറാം മനോഹർ|
Last Modified വ്യാഴം, 3 ജൂണ്‍ 2021 (17:16 IST)
തിരെഞ്ഞെടുപ്പ് ഫണ്ട് ക്രമക്കേടിനെ പറ്റിയും കൊടകര കുഴൽപണ കേസുമായി ബന്ധപ്പെട്ടുമുള്ള വിവാദത്തിനെ തുടർന്ന് പ്രതിസന്ധിയിലായ ബിജെപിയിൽ മൗനം തുടർന്ന് ശോഭാ സുരേന്ദ്രൻ-കൃഷ്‌ണദാസ് പക്ഷങ്ങൾ. വിഷയത്തിൽ പാർട്ടിയെ ഏകാധിപത്യ രീതിയിൽ കൊണ്ടുപോയവർ പ്രതിരോധിക്കട്ടെ എന്ന നിലപാടിലാണ് രണ്ട് പക്ഷങ്ങളും.
മുതിർന്ന നേതാക്കളെ പൂർണമായും അവഗണിച്ച് പാർട്ടി സ്ഥാനങ്ങൾ മുതൽ സ്ഥാനാർഥിത്വവും തിരഞ്ഞെടുപ്പ് ഫണ്ടും വരെ സ്വന്തം ഗ്രൂപ്പുകാർക്ക് വീതം വെച്ചതാണ് പരാജയ കാരണമെന്നും സുരേന്ദ്രൻ അധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവച്ച് പാർട്ടിയെ രക്ഷിക്കണം എന്നുമാണ് പാർട്ടിയിലെ മുതിർന്ന അംഗങ്ങളുടെ രഹസ്യനിലപാട്.
സുരേന്ദ്രൻ മാറണമെന്ന നിലപാടാണ് ആർഎസ്എസിനുമുള്ളത്. കുഴൽപണക്കേസിൽ കത്തിക്കുത്തു വരെ നടന്ന സാഹചര്യത്തിൽ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് സുരേന്ദ്രൻ രാജിവെക്കണമെന്നാണ് പാർട്ടിക്കുള്ളിലെ ഭൂരിപക്ഷാഭിപ്രായം. വിഷയത്തിൽ കേന്ദ്ര തീരുമാനം വരട്ടെയെന്ന നിലപാടിലാണ് കൃഷ്‌ണദാസ്-
ശോഭാ സുരേന്ദ്രൻ പക്ഷങ്ങൾ.