രേണുക വേണു|
Last Modified ശനി, 24 ജൂണ്‍ 2023 (12:59 IST)
പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനെതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗം. സുധാകരനെതിരായ കേസ് പാര്‍ട്ടിയുടെ പ്രതിച്ഛായ തകര്‍ക്കുമെന്നാണ് യുവ നേതാക്കളുടെ അഭിപ്രായം. തല്‍ക്കാലത്തേക്കെങ്കിലും സുധാകരന്‍ അധ്യക്ഷ സ്ഥാനത്തു നിന്ന് മാറിനില്‍ക്കണമെന്നാണ് യുവ നേതാക്കളുടെ ആവശ്യം. ഷാഫി പറമ്പില്‍, വി.ടി.ബല്‍റാം തുടങ്ങിയ യുവനേതാക്കളില്‍ ആരെയെങ്കിലും പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരണമെന്നാണ് ആവശ്യം.
അധ്യക്ഷ സ്ഥാനത്തു നിന്ന് മാറിനില്‍ക്കാന്‍ സുധാകരനും സന്നദ്ധത അറിയിച്ചിട്ടുണ്ട്. കേസില്‍ രണ്ടാം പ്രതിയാണ് സുധാകരന്‍. ഇന്നലെ ആറര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ക്രൈം ബ്രാഞ്ച് സുധാകരന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മുന്‍കൂര്‍ ജാമ്യം ഉള്ളതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുകയായിരുന്നു.
പാര്‍ട്ടിക്ക് ഹാനികരമാവുന്ന ഒന്നിനും താന്‍ നില്‍ക്കില്ല. കോടതിയില്‍ പൂര്‍ണ വിശ്വാസമുണ്ട്. നൂറ് ശതമാനം നിരപരാധിയാണെന്ന് പൂര്‍ണ വിശ്വാസമുണ്ട്. കേസിനെ നേരിടാന്‍ ഒരു മടിയുമില്ല. ആവശ്യമെങ്കില്‍ അധ്യക്ഷ സ്ഥാനത്തു നിന്ന് മാറിനില്‍ക്കാന്‍ തയ്യാറാണെന്നും സുധാകരന്‍ പറഞ്ഞു.