K.Sudhakaran: ബിജെപിയിലേക്ക് പോകുമെന്ന് പരോക്ഷമായി ഭീഷണി ഉയര്‍ത്തി; സുധാകരന്‍ കെപിസിസി അധ്യക്ഷ സ്ഥാനത്തിനായി സമ്മര്‍ദ്ദം ചെലുത്തിയെന്ന് റിപ്പോര്‍ട്ട്

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ നിന്ന് മത്സരിക്കുന്നതിനെ തുടര്‍ന്നാണ് സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്ന് താല്‍ക്കാലികമായി നീക്കിയത്

K Sudhakaran
K Sudhakaran
രേണുക വേണു| Last Modified വെള്ളി, 10 മെയ് 2024 (10:22 IST)

K.Sudhakaran: കെപിസിസി അധ്യക്ഷ സ്ഥാനം തിരിച്ചുകിട്ടാന്‍ കെ.സുധാകരന്‍ എഐസിസിക്ക് മുന്നില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് റിപ്പോര്‍ട്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം കെപിസിസി അധ്യക്ഷ സ്ഥാനം സുധാകരന് തിരിച്ചുനല്‍കാമെന്നായിരുന്നു എഐസിസി നിലപാട്. ഇതില്‍ നീരസം തോന്നിയ സുധാകരന്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ നേരിട്ട് വിളിച്ചു സംസാരിക്കുകയായിരുന്നു. അധ്യക്ഷ സ്ഥാനം തിരിച്ചു നല്‍കിയില്ലെങ്കില്‍ കടുത്ത തീരുമാനങ്ങളിലേക്ക് പോകേണ്ടി വരുമെന്ന ഭീഷണിയാണ് സുധാകരന്‍ എഐസിസി നേതൃത്വത്തിനു മുന്നില്‍ ഉയര്‍ത്തിയത്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ നിന്ന് മത്സരിക്കുന്നതിനെ തുടര്‍ന്നാണ് സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്ന് താല്‍ക്കാലികമായി നീക്കിയത്. എം.എം.ഹസനായിരുന്നു കെപിസിസി അധ്യക്ഷന്റെ താല്‍ക്കാലിക ചുമതല. കേരളത്തിലെ വോട്ടെടുപ്പ് കഴിഞ്ഞതിനു പിന്നാലെ നടന്ന കെപിസിസി യോഗത്തില്‍ അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്താനുള്ള താല്‍പര്യം സുധാകരന്‍ അറിയിച്ചു. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം വരുന്നതുവരെ കാത്തിരിക്കൂ എന്നാണ് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ സുധാകരന് മറുപടി നല്‍കിയത്.

സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്ന് നീക്കാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കോണ്‍ഗ്രസില്‍ വലിയൊരു വിഭാഗം നേതാക്കള്‍ക്ക് സുധാകരന്റെ നേതൃത്വത്തില്‍ അതൃപ്തിയുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് സുധാകരനെ താല്‍ക്കാലികമായി അധ്യക്ഷ സ്ഥാനത്തു നിന്ന് മാറ്റി നിര്‍ത്താമെന്ന തീരുമാനത്തിലേക്ക് എഐസിസിയും എത്തിയത്. എന്നാല്‍ തന്നെ ഒതുക്കാനുള്ള നീക്കങ്ങള്‍ അണിയറയില്‍ നടക്കുന്നുണ്ടെന്ന് മനസിലാക്കിയ സുധാകരന്‍ കോണ്‍ഗ്രസ് വിട്ട് തനിക്ക് ഇഷ്ടമുള്ളിടത്തേക്ക് പോകുമെന്ന് ഭീഷണി ഉയര്‍ത്തുകയായിരുന്നു.

ദക്ഷിണേന്ത്യയില്‍ അടക്കം രാജ്യത്ത് നാല് ഘട്ടം വോട്ടെടുപ്പ് ഇനിയും നടക്കാനുള്ളതിനാല്‍ കേരളത്തിലെ കെപിസിസി അധ്യക്ഷന്‍ പാര്‍ട്ടി വിടുന്ന സാഹചര്യമുണ്ടായാല്‍ അത് കോണ്‍ഗ്രസിനു തിരിച്ചടിയാകുമെന്ന വിലയിരുത്തലിന്റെ പുറത്താണ് സുധാകരന് അധ്യക്ഷ സ്ഥാനം തിരിച്ചു നല്‍കിയത്. അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് കോണ്‍ഗ്രസിന് പത്തില്‍ കൂടുതല്‍ സീറ്റുകള്‍ കിട്ടാതെ വന്നാല്‍ സുധാകരന്റെ അധ്യക്ഷ സ്ഥാനം തെറിപ്പിക്കാനാണ് എഐസിസി നേതൃത്വത്തിന്റെ തീരുമാനം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :