'ചെയ്തത് ശരിയായില്ല'; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കൊടുത്ത ചെന്നിത്തലയ്‌ക്കെതിരെ സുധാകരന്‍

തന്റെ ഒരു മാസത്തെ എംഎല്‍എ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്‍കുമെന്ന് ഫെയ്‌സ്ബുക്കിലൂടെയാണ് ചെന്നിത്തല ഇന്നലെ അറിയിച്ചത്

Ramesh Chennithala and K Sudhakaran
രേണുക വേണു| Last Modified ശനി, 3 ഓഗസ്റ്റ് 2024 (10:41 IST)
Ramesh Chennithala and K Sudhakaran

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തന്റെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. ഇടതുപക്ഷത്തിന്റെ കൈയില്‍ മാസശമ്പളം നല്‍കേണ്ട ആവശ്യമില്ലെന്ന് സുധാകരന്‍ പറഞ്ഞു. പണം സ്വരൂപിക്കാനുള്ള സംവിധാനം കോണ്‍ഗ്രസിനുണ്ട്. അവിടെയാണ് ചെന്നിത്തല സംഭാവന നല്‍കേണ്ടിയിരുന്നെന്നും സുധാകരന്‍ പറഞ്ഞു.

' ഇടതുപക്ഷത്തിന്റെ കൈയില്‍ മാസ ശമ്പളം കൊടുക്കേണ്ട കാര്യമില്ല. സര്‍ക്കാരിന് സംഭാവന കൊടുക്കണമെന്ന് ആരും പറഞ്ഞിട്ടില്ല. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പണം സ്വരൂപിക്കാന്‍ അതിന്റെതായ ഫോറം ഉണ്ട്. പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളും ദുരിതാശ്വാസ നിധി തുടങ്ങിയിട്ടുണ്ട്. രമേശ് ചെന്നിത്തലയും അതുവഴിയാണ് പണം നല്‍കേണ്ടത്. ചെന്നിത്തല ചെയ്യുന്നത് ശരിയല്ല,' സുധാകരന്‍ പറഞ്ഞു.

തന്റെ ഒരു മാസത്തെ എംഎല്‍എ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്‍കുമെന്ന് ഫെയ്‌സ്ബുക്കിലൂടെയാണ് ചെന്നിത്തല ഇന്നലെ അറിയിച്ചത്. കെപിസിസി മുന്‍ അധ്യക്ഷന്‍ വി.എം.സുധീരന്‍, യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്‍ എന്നിവരും തങ്ങളുടെ ഒരു മാസത്തെ പെന്‍ഷന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :