കെ-റെയില്‍ സര്‍വേയ്ക്ക് എത്തിയവരെ നായയെ അഴിച്ചുവിട്ട് കടിപ്പിച്ചു; സംഭവം കണ്ണൂരില്‍

രേണുക വേണു| Last Modified ശനി, 23 ഒക്‌ടോബര്‍ 2021 (15:26 IST)

കെ-റെയില്‍ പദ്ധതിയുടെ ഭാഗമായി ഭൂമി അളക്കാന്‍ എത്തിയവരെ നായയെ അഴിച്ചുവിട്ട് കടിപ്പിച്ചതായി പരാതി. വളര്‍ത്തുനായയുടെ കടിയേറ്റ രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കണ്ണൂര്‍ വലിയന്നൂര്‍ സ്വദേശി ആദര്‍ശ്, ഇരിട്ടി സ്വദേശി ജുവല്‍ പി.ജെയിംസ് എന്നിവര്‍ക്കാണ് പരുക്കേറ്റത്.

സംഭവത്തില്‍ വളപട്ടണം പൊലീസില്‍ പരാതി നല്‍കുമെന്ന് സര്‍വേ ഏജന്‍സി അധികൃതര്‍ അറിയിച്ചു. ഇന്നലെ രാവിലെ വളപട്ടണം ചിറക്കലിലാണ് സംഭവം. കെ-റെയില്‍ സര്‍വേയ്ക്കായി നാല് ബാച്ച് ഉദ്യോഗസ്ഥരാണ് എത്തിയത്. ഇതില്‍ ആദര്‍ശും ജുവലും അടക്കം മൂന്ന് പേര്‍ ഒരു വീട്ടുപറമ്പില്‍ സ്ഥല നിര്‍ണയം നടത്തുമ്പോഴാണ് നായയുടെ കടിയേറ്റത്.

ഗേറ്റ് കടന്ന് അകത്ത് എത്തിയ ഉടന്‍ വീട്ടിലെ ഗൃഹനാഥനും മകനുമായി സംസാരിച്ചു നില്‍ക്കുമ്പോഴാണ് വീട്ടമ്മ നായയെ അഴിച്ചുവിട്ടത്. കുരച്ചുകൊണ്ട് ഓടിയെത്തിയ നായ ഇരുവരെയും കടിക്കുകയായിരുന്നു. കാലിനാണ് കടിയേറ്റത്. മതില്‍ ചാടികടന്ന് ഓടിയതുകൊണ്ടാണ് ഇരുവരും രക്ഷപെട്ടത്. സര്‍വേ സംഘത്തിലെ മറ്റുള്ളവരും നാട്ടുകാരും ചേര്‍ന്നാണ് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :