ചെന്നിത്തലയുടെ മുഖത്ത് നോക്കി 'പൊതുജനമാണെന്ന്' പറഞ്ഞ യുവാവിന്റെ വീ‌ടിന് നേർക്ക് ആക്രമണം

ചെന്നിത്തലയെ ചോദ്യം ചെയ്ത യുവാവിന്റെ വീടിന് നേർക്ക് ആക്രമണം

aparna| Last Modified ചൊവ്വ, 16 ജനുവരി 2018 (12:51 IST)
ശ്രീജിത്തിന്റെ സമരപ്പന്തൽ സന്ദർശിക്കാനെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ചോദ്യം ചെയ്ത യുവാവിന്റെ വീടിന് നേരെ ആക്രമണം. ഇന്നലെ രാത്രി രണ്ട് മണിയോടെയായിരുന്നു യുവാവിന്റെ വീടിന് നേർക്ക് ആക്രമണമുണ്ടായത്. ആൻഡേഴ്സൺ എഡ്‌വേർഡ് എന്ന യുവാവിന്റെ വീടിന് നേർക്കാണ് കല്ലേറുണ്ടായത്.

യുവാവിന്റെ വീടിന് നേർക്ക് ആക്രമികൾ കല്ലെറിയുകയായിരുന്നു. ശാസ്താംകോട്ടയിലെ വീട്ടിൽ ആൻഡേഴ്സണിന്റെ പിതാവും മാതാവും മാത്രമാണ് ഉണ്ടായിരുന്നത്. തിരുവനന്തപുരത്തെ സംഭവത്തിന് ശേഷം സമൂഹമാധ്യമങ്ങളിലൂടെയും ഫോണിലൂടെയും ആൻഡേഴ്സണിന് നിരന്തരം ഭീഷണികളുണ്ടെന്ന് മാതാപിതാക്കൾ പറയുന്നു.

പൊലീസ് കസ്റ്റഡിയിലിരിക്കെ മരണപ്പെട്ട അനുജന് നീതി തേടി സെക്രട്ടറിയറ്റിനു മുന്നിൽ സമരം ചെയ്യുന്ന ശ്രീജിത്തിനെ കാണാനെത്തിയപ്പോഴാണ്
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കുനേരെ പ്രതിഷേധം ഉണ്ടായത്. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പോകണമെന്നും അതിനുളള നിയമസഹായം നൽകാമെന്നും ശ്രീജിത്തിനോട് പറഞ്ഞു.

രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരിക്കുന്ന സമയത്താണ് സംഭവം നടന്നതെന്നും അന്ന് ശ്രീജിത്തിനൊപ്പം ചെന്നിത്തലയെ കാണാൻ താനും വന്നിരുന്നതായി ശ്രീജിത്തിന് സുഹൃത്തുക്കളിൽ ഒരാൾ പറഞ്ഞു. രാത്രിയിൽ അവിടെ കിടന്നാൽ കൊതുകു കടിക്കുമെന്നായിരുന്നു ചെന്നിത്തല ശ്രീജിത്തിനോട് അന്ന് പറഞ്ഞതെന്ന് സുഹൃത്ത് പറഞ്ഞു. ഇതോടെ ചെന്നിത്തല സുഹൃത്തിനോട് ക്ഷുഭിതനായി. ഇതിനുപിന്നാലെ പ്രതിപക്ഷ നേതാവിനുനേരെ സുഹൃത്തുക്കളുടെ പ്രതിഷേധം ശക്തമായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :