തിരുവനന്തപുരം|
സുബിന് ജോഷി|
Last Modified തിങ്കള്‍, 29 ജൂണ്‍ 2020 (19:32 IST)
നിലപാട് സ്വീകരിക്കുന്നതില്‍ ബുദ്ധിമുട്ടുള്ള പാര്‍ട്ടിയായി ജോസ് കെ മാണി പക്ഷത്തെ ചിത്രീകരിക്കരുതെന്നും അവര്‍ നിലപാട് വ്യക്തമാക്കിയതിന് ശേഷം മറ്റ് കാര്യങ്ങള്‍ ആലോചിക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് രാഷ്ട്രീയത്തില്‍ നിലപാടുകള്‍ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
എല്ലാക്കാലത്തേക്കുമായി ഒരു നിലപാട് രാഷ്ട്രീയത്തില്‍ കൈക്കൊള്ളാന്‍ കഴിയില്ല. ജോസ് പക്ഷം നിലപാട് വ്യക്തമാക്കട്ടെ. ഒരു പ്രശ്നത്തെ നേരിടുമ്പോഴാണല്ലോ നിലപാട് സ്വീകരിക്കേണ്ട സാഹചര്യമുണ്ടാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതുതന്നെയാണ് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ചത്. യു ഡി എഫിന്റെ ഭാഗമാണോ അല്ലയോ എന്ന കാര്യം ജോസ് കെ മാണി വിഭാഗം വ്യക്തമാക്കിയതിന് ശേഷം മറ്റ് കാര്യങ്ങള്‍ ആലോചിക്കാമെന്ന് കോടിയേരി പറഞ്ഞു.
എന്നാല്‍, ആര്‍ക്കും എപ്പോഴും കയറിവരാവുന്ന മുന്നണിയല്ല ഇടതുമുന്നണി എന്ന നിലപാടില്‍ തന്നെയാണ് സി പി ഐ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നത്.