നിയമലംഘനങ്ങൾക്കെതിരെ ഇനി കർശന നടപടി, റോഡിൽ സംയുക്ത പരിശോധനയ്ക്ക് പോലീസും എംവിഡിയും

അഭിറാം മനോഹർ| Last Modified തിങ്കള്‍, 16 ഡിസം‌ബര്‍ 2024 (18:28 IST)
സംസ്ഥാനത്ത് അപകടങ്ങള്‍ വര്‍ധിച്ച പശ്ചാത്തലത്തില്‍ റോഡുകളില്‍ പോലീസും മോട്ടോര്‍ വാഹന വകുപ്പും ചേര്‍ന്ന് സംയുക്ത പരിശോധന നടത്താന്‍ തീരുമാനം. റോഡില്‍ 24 മണിക്കൂറും പോലീസിനെയും എംവിഡി ഉദ്യോഗസ്ഥരെയും വിന്യസിച്ച് നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. എഡിജിപി മനോജ് എബ്രഹാം വിളിച്ചു ചേര്‍ത്ത ഉന്നതതല പോലീസ് യോഗത്തിലാണ് നടപടികള്‍ കടുപ്പിക്കാന്‍ തീരുമാനിച്ചത്.


യോഗതീരുമാനങ്ങള്‍ നാളെ ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഉന്നതതല യോഗത്തെ അറിയിക്കും. അടുത്തിടെ ആലപ്പുഴയിലും പാലക്കാടും പത്തനംതിട്ടയിലുമായി ഉണ്ടായ അപകടങ്ങളില്‍ നിരവധിപേരുടെ ജീവന്‍ പൊലിഞ്ഞ പശ്ചാത്തലത്തിലാണ് തീരുമാനം.


മദ്യപിച്ച് വാഹനമോടിക്കല്‍, അമിത വേഗത, അശ്രദ്ധമായി വണ്ടി ഓടിക്കല്‍ എന്നിവയ്‌ക്കെതിരെ കര്‍ശനനടപടിയുണ്ടാകും. ഇതിന് പുറമെ ഹെല്‍മെറ്റ് വെയ്ക്കാതെ ഇരുചക്രാാഹനം ഓടിക്കല്‍, സീറ്റ് ബെല്‍റ്റ് ധരിക്കാതെ കാര്‍ ഓടിക്കല്‍ എന്നിവയ്‌ക്കെതിരെയും നടപടികള്‍ കടുപ്പിക്കും. ഇതിനായി റോഡുകളില്‍ 24 മണിക്കൂറും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെയും പോലീസിനെയും വിന്യസിച്ച് പരിശോധന നടത്തും. നിലവില്‍ സംസ്ഥാനത്ത് 675 എ ഐ ക്യാമറകളാണുള്ളത്. ഇല്ലാത്ത സ്ഥലങ്ങളില്‍ കൂടുതല്‍ എ ഐ ക്യാമറകള്‍ സ്ഥാപിക്കാനും തീരുമാനമായി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :