വേനല്‍ച്ചൂടില്‍ ജെഎന്‍യു തിളച്ചുമറിയും: ശിക്ഷാവിധി ഉത്തരവ് കനയ്യ കുമാര്‍ കത്തിച്ചു, കൂട്ടാളികളും അന്വേഷണ പാനല്‍ റിപ്പോര്‍ട്ട് തള്ളി, സര്‍വ്വകലാശാല വീണ്ടും സമരച്ചൂടിലേക്ക്

വേനല്‍ച്ചൂടില്‍ ജെഎന്‍യു തിളച്ചുമറിയും: ശിക്ഷാവിധി ഉത്തരവ് കനയ്യ കുമാര്‍ കത്തിച്ചു, കൂട്ടാളികളും അന്വേഷണ പാനല്‍ റിപ്പോര്‍ട്ട് തള്ളി, സര്‍വ്വകലാശാല വീണ്ടും സമരച്ചൂടിലേക്ക്

ന്യൂഡല്‍ഹി| JOYS JOY| Last Modified ബുധന്‍, 27 ഏപ്രില്‍ 2016 (14:48 IST)
അഫ്‌സല്‍ ഗുരു അനുസ്മരണവും രാജ്യദ്രോഹക്കുറ്റവും ഇളക്കിമറിച്ച ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ സമരച്ചൂട് കുറയുന്നില്ല. അന്വേഷണപാനല്‍ കുറ്റവും ശിക്ഷയും വിധിച്ചതിനെതിരെ മറ്റൊരു സമരത്തിനൊരുങ്ങുകയാണ് ജെ എന്‍ യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറും കൂട്ടാളികളും.

തിങ്കളാഴ്ച ആയിരുന്നു കനയ്യ കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി അന്വേഷണ കമ്മീഷന്‍ ശിക്ഷ വിധിച്ചത്. ഉന്നതാധികാര അന്വേഷണ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കനയ്യയ്ക്കും കൂട്ടര്‍ക്കും സസ്പെന്‍ഷനും പിഴയും ഉള്‍പ്പെടെയുള്ള ശിക്ഷ വിധിച്ചത്. ഒപ്പം, ഹോസ്റ്റലില്‍ നിന്ന് ഒഴിഞ്ഞുപോകണമെന്ന നിര്‍ദ്ദേശവും ഇവര്‍ക്ക് നല്കി.

എന്നാല്‍, ശിക്ഷ വ്യക്തമാക്കി കൊണ്ടുള്ള ഉത്തരവ് കഴിഞ്ഞദിവസം കനയ്യ കുമാര്‍ കാമ്പസില്‍ വെച്ച് കത്തിച്ചിരുന്നു. ഒപ്പം, സര്‍വ്വകലാശാലയുടെ നടപടിക്കെതിരെ ബുധനാഴ്ച മുതല്‍ നിരാഹാരസമരം ആരംഭിക്കുമെന്നും വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി.

ജനാധിപത്യവിരുദ്ധവും അടിസ്ഥാനമില്ലാത്തതുമായ കാര്യങ്ങളാണ് ഉന്നതാധികാര സമിതി നല്കിയിരിക്കുന്നതെന്ന് കനയ്യ കുമാര്‍ പറഞ്ഞു. സമിതിയുടെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയുള്ള ശിക്ഷ ഉത്തരവ് അംഗീകരിക്കില്ല. പിഴ അടയ്ക്കുകയോ ഹോസ്റ്റല്‍ ഒഴിഞ്ഞു പോകുകയോ ചെയ്യില്ലെന്നും ഉത്തരവ് പിന്‍വലിക്കുന്നതു വരെ നിരാഹാരസമരം തുടരുമെന്നും വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി.

ജെ എന്‍ യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യ കുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ, അശുതോഷ് കുമാര്‍ അടക്കമുള്ള 14 വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ ആയിരുന്നു സര്‍വ്വകലാശാല നടപടി സ്വീകരിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :