തൃശൂർ|
aparna shaji|
Last Modified വെള്ളി, 20 ജനുവരി 2017 (07:47 IST)
പാമ്പാടി നെഹ്റു എൻജിനീയറിങ് കോളജ് ഹോസ്റ്റലിൽ
ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ ഒന്നാം വർഷ വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ ശരീരത്തിലെ മുറിവുകൾ മരിക്കുന്നതിനു മുമ്പുള്ളതായിരുന്നുവെന്ന് വ്യക്തമായി. ഇതുസംബന്ധിച്ച പോസ്റ്റ്മോർട്ടം റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
ജിഷ്ണുവിന്റെ ശരീരത്തിൽ മുറിവുകളുണ്ടായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. മൂക്കിലും ചുണ്ടുകളിലും മുഖത്തുമാണ് മുറിവുകൾ. മരണത്തിന് മുൻപാണ് ഈ മുറിവുകൾ ഉണ്ടായതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. മേല്‍ച്ചുണ്ടിന്റെ ഇടതുവശത്തും കീഴ്ചുണ്ടിന്റെ ഇടതുവശത്തും മുറിവുകളുണ്ട്. കഴുത്തിന്റെ മുന്‍വശത്തും വശങ്ങളിലും പോറലേറ്റ പാടുകളുണ്ട്.
മേൽചുണ്ടിലും കീഴ്ചുണ്ടിലും മുഖത്തുമുള്ള മുറിവുകൾ ആഴത്തിൽ ഉള്ളതല്ല. അതിനാൽ തന്നെ ഇവയല്ല മരണകാരണം. പക്ഷേ, ഈ മുറിവുകൾ എങ്ങനെ ഉണ്ടായി എന്ന കാര്യം വ്യക്തമല്ല. ജിഷ്ണു തൂങ്ങിമരിച്ചതെന്നും റിപ്പോർട്ടിൽ സ്ഥിരീകരിക്കുന്നു. തൃശൂർ മെഡിക്കൽ കോളജിലെ പിജി ഡോക്ടറാണ് പോസ്റ്റുമോർട്ടം നടത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു. ഡോ. ജെറി കെ ജോസഫാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
ജിഷ്ണു ശാരീരിക പീഡനത്തിന് ഇരയായി എന്ന ആരോപണത്തിന് കൂടുതൽ ശക്തി പകരുന്നതാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കഴിഞ്ഞ ദിവസം ജിഷ്ണു എഴുതിയ അവസാന പരീക്ഷ അന്വേഷണ സംഘം പുനരാവിഷ്കരിച്ചിരുന്നു. തുടർന്നു വിദ്യാർഥികളിൽനിന്നു രഹസ്യമായി വിവരങ്ങൾ ശേഖരിച്ചു.