കൊച്ചി|
jibin|
Last Modified തിങ്കള്‍, 27 ജൂണ്‍ 2016 (20:32 IST)
പെരുമ്പാവൂർ ജിഷ വധക്കേസില്‍ പിടിയിലായ അമീറുൽ ഇസ്ലാമിനെ വട്ടോളിപ്പടിയിലെ ഓട്ടോ ഡ്രൈവര്‍ തിരിച്ചറിഞ്ഞു. ആലുവ പൊലീസ് ക്ളബ്ബിലായിരുന്നു തിരിച്ചറിയല്‍ പരേഡ്. ജിഷയെ കൊലപ്പെടുത്തിയ ശേഷം പ്രതി റെയില്‍വേ സ്റ്റേഷനില്‍ എത്തിയത് ഓട്ടോയിലാണ്.
അമീറുലിനൊപ്പം ഇതരസംസ്ഥാനക്കാരെ ഒരുമിച്ചു നിര്‍ത്തിയായിരുന്നു തിരിച്ചറിയില്‍ പരേഡ്. ആലുവ പൊലീസ് ക്ലബിലുള്ള പ്രതിയെ അന്വേഷണസംഘം ചോദ്യം ചെയ്യുന്നത് തുടരുകയാണ്. നേരത്തെ, അമീറിനെ ജിഷയുടെ അയല്‍വാസിയായ സ്ത്രീ തിരിച്ചറിഞ്ഞിരുന്നു.
കൂടാതെ അമീറുല്‍ താമസിച്ചിരുന്ന കെട്ടിടത്തിന്റെ ഉടമ, അവിടെ താമസിച്ചിരുന്ന തൊഴിലാളി, അമീറുല്‍ ചെരുപ്പ് വാങ്ങിയ കടക്കാരൻ എന്നിവരാണ് വെള്ളിയാഴ്ച പൊലീസ് ക്ലബിലെത്തി പ്രതിയെ തിരിച്ചറിഞ്ഞത്. കേസുമായി ബന്ധപ്പെട്ട തെളിവെടുപ്പ് ഞായറാഴ്ച ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി ആലുവ പൊലീസ് ക്ലബിലെത്തിയ ഡിജിപി ലോക്നാഥ് ബെഹ്റ അമീറുലിനെ ചോദ്യം ചെയ്തിരുന്നു.
കൊലപാതകത്തിന് ഉപയോഗിച്ച ആയുധം സംബന്ധിച്ചു വിവരങ്ങളൊന്നും ലഭിക്കാത്തത് അന്വേഷണ സംഘത്തിനു തലവേദന സൃഷ്ടിക്കുകയാണ്. ചൊവ്വാഴ്ചയാണു പ്രതിയെ കസ്റ്റഡിയിൽ ലഭിച്ചത്. അഞ്ചു ദിവസത്തിലേറെ തുടർച്ചയായി ചോദ്യം ചെയ്തിട്ടും കൊല നടത്താൻ ഉപയോഗിച്ച കത്തി, പ്രതി ധരിച്ച രക്തം പുരണ്ട ഷർട്ട് എന്നിവ സംബന്ധിച്ച വിവരങ്ങളൊന്നും ലഭിച്ചില്ല.