അന്വേഷണ സംഘത്തിന് ഭാഷാ പ്രശ്‌നമുണ്ടെന്ന് മനസിലാക്കിയ അമീറുല്‍ പൊലീസീനെ ആശയക്കുഴപ്പത്തിലാക്കി; ഡിജിപി ബംഗാളിഭാഷയില്‍ ചോദ്യം ചെയ്യല്‍ നടത്തിയതോടെ പ്രതി മുട്ടുമടക്കി, പിന്നെ എല്ലാം തുറന്നു പറഞ്ഞു

ബംഗാള്‍ സ്വദേശിയുടെ സഹായത്തോടെയായിരുന്നു ചോദ്യം ചെയ്യല്‍ നടന്നത്

  ജിഷ വധക്കെസ് , ജിഷ , എ ഡി ജി പി ബി സന്ധ്യ , പൊലീസ്
കൊച്ചി| jibin| Last Updated: ശനി, 18 ജൂണ്‍ 2016 (15:20 IST)
നിയമ വിദ്യാര്‍ഥി വധക്കെസിലെ പ്രതി അമീറുല്‍ ഇസ്ലാം ചോദ്യം ചെയ്യലിനിടെ പൊലീസിനെ വഴിതെറ്റിക്കാന്‍ ശ്രമിച്ചു. ചോദ്യം ചെയ്യലില്‍ പരസ്‌പര വിരുദ്ധമായ മൊഴികള്‍ നല്‍കി രക്ഷപ്പെടുന്നതിനാണ് പ്രതി ശ്രമിച്ചത്. കൊലപാതകം നടത്താനുണ്ടായ കാരണം ഇപ്പോഴും പൊലീസിന് വ്യക്തമായിട്ടില്ല.

ആലുവ പൊലീസ് ക്ലബ്ബില്‍വച്ച് ദ്വിഭാഷിയായ ബംഗാള്‍ സ്വദേശി ലിപ്‌റ്റണ്‍ ബിശ്വാസിന്റെ സഹായത്തോടെയായിരുന്നു വെള്ളിയാഴ്‌ച ചോദ്യം ചെയ്യല്‍ നടന്നത്. അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന എ ഡി ജി പി ബി സന്ധ്യ, എസ്‌പി മാരായ പി എന്‍ ഉണ്ണിരാജന്‍, പികെ മധു, ഡി വൈ എസ് പി സോജന്‍ എന്നിവരും ഈ സമയം ക്ലബ്ബിലുണ്ടായിരുന്നു.


കൊലപാതകത്തിന് പിന്നിൽ മറ്റ് മൂന്ന് പേർ കൂടി ഉണ്ടായിരുന്നുവെന്ന് അമീറുൽ ആദ്യം മൊഴി നൽകിയിരുന്നു. പിന്നീട് ഇത് പലപ്പോഴും മാറ്റി പറഞ്ഞ് പൊലീസിനെ വലച്ചു. അന്വേഷണ സംഘത്തിന് ഭാഷാ പ്രശ്‌നമുണ്ടെന്ന് മനസിലാക്കി അമീറുല്‍ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുകയും ചെയ്‌തു. കോടതിയില്‍ ഹാജരാക്കേണ്ട സമയം അതിക്രമിച്ചു വരുകയും ചെയ്‌തതോടെ പൊലീസും സമ്മര്‍ദ്ദത്തിലായി.

ഈ സമയമാണ് മുംബൈയില്‍ നിന്ന് ഡി ജി പി ലോക്‍നാഥ് ബെഹ്‌റ ആലുവ പൊലീസ് ക്ലബ്ബിലെത്തുന്നത്. വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യുന്നതില്‍ മിടുക്കുള്ള ഡി ജി പി ബംഗാളി ഭാഷയില്‍ സംസാരിക്കാന്‍ തുടങ്ങിയതോടെ പ്രതിയുടെ കള്ളത്തരങ്ങള്‍ പൊളിയുകയായിരുന്നു. അഞ്ച് ചോദ്യങ്ങള്‍ക്ക് ബംഗാളി ഭാഷയില്‍ തന്നെ പ്രതി ഉത്തരവും നല്‍കി. കോടതിയിലെത്തിക്കാന്‍ സമയമായതോടെ അദ്ദേഹം ചോദ്യം ചെയ്യല്‍ അവസാനിപ്പിക്കുകയായിരുന്നു.

അമീറൂളിന് ഹിന്ദി കുറച്ചായും അസാമീസ് ബംഗാളി ഭാഷകള്‍ നന്നായി അറിയാമെന്നും ദ്വിഭാഷി വ്യക്തമാക്കിയതോടെയാണ് ബെഹ്‌റ ബംഗാളി ഭാഷയില്‍ ചോദ്യം ചെയ്യല്‍ നടത്തിയത്. ഈ സാഹചര്യത്തില്‍ പ്രതിയെ കസ്‌റ്റഡിയില്‍ വാങ്ങിയശേഷം ഡിജിപി തന്നെ ചോദ്യം ചെയ്യല്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :