വയറുവേദനയെന്ന് പ്രതി, എക്‌സ്‌റേയെടുത്തു; കണ്ടെടുത്തത് 35 ഗ്രാം സ്വര്‍ണം

നെല്‍വിന്‍ വില്‍സണ്‍| Last Modified തിങ്കള്‍, 31 മെയ് 2021 (11:18 IST)

ജ്വല്ലറി കവര്‍ച്ച കേസില്‍ അറസ്റ്റിലായ പ്രതിക്ക് കലശലായ വയറുവേദന. എന്താണ് കാര്യമെന്ന് അറിയില്ല. പൊലീസ് ഉടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എക്‌സ്‌റേ എടുക്കണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. എക്‌സ്‌റേ റിപ്പോര്‍ട്ട് കണ്ടപ്പോള്‍ പൊലീസും ഡോക്ടര്‍മാരും ഞെട്ടി. പ്രതിയുടെ വയറ്റില്‍ നിന്ന് കണ്ടെത്തിയത് 35 ഗ്രാം സ്വര്‍ണം.

ജ്വല്ലറി കവര്‍ച്ച കേസില്‍ കര്‍ണാടകയിലാണ് രണ്ട് മലയാളികള്‍ പിടിയിലായത്. ഇതില്‍ ഒരു പ്രതിയുടെ വയറ്റില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്. തൃശൂര്‍ ആമ്പല്ലൂര്‍ സ്വദേശി ഷിബു, തളിപ്പറമ്പ് സ്വദേശി ബഷീര്‍ എന്നിവരാണ് പിടിയിലായത്. പുത്തൂര്‍, സുള്ള്യ എന്നിവിടങ്ങളില്‍ നടന്ന ജ്വല്ലറി കവര്‍ച്ച കേസുമായി ബന്ധപ്പെട്ടാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

കവര്‍ച്ച ചെയ്ത പ്രതികളില്‍ നിന്ന് പൊലീസ് സ്വര്‍ണം കണ്ടെത്തിയിരുന്നു. എന്നാല്‍, കസ്റ്റഡിയിലിരിക്കെ ഷിബുവിന് രൂക്ഷമായ വയറുവേദന അനുഭവപ്പെടുകയായിരുന്നു. കവര്‍ച്ച ചെയ്ത സ്വര്‍ണത്തില്‍ ചിലത് പോലീസില്‍ നിന്നും ഒളിപ്പിക്കാനായാണ് ഷിബു ഈ വഴി കണ്ടെത്തിയത്. ഐസ്‌ക്രീമിനൊപ്പം ചേര്‍ത്ത് സ്വര്‍ണം വിഴുങ്ങുകയായിരുന്നുവെന്ന് ഷിബു പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :