വമ്പന്‍ ഹിറ്റായി ജനകീയ ഹോട്ടലിലെ ഊണ്; മൂന്ന് ദിവസം കൊണ്ട് അധികം വിറ്റത് 5,684 ഊണ്, മനോരമയ്ക്ക് ട്രോള്‍ മഴ

രേണുക വേണു| Last Modified ശനി, 9 ഒക്‌ടോബര്‍ 2021 (14:28 IST)

ജനകീയ ഹോട്ടലിലെ പൊതിച്ചോറിലെ കറികളെക്കുറിച്ചുള്ള വിവാദം മറ്റൊരു തലത്തിലേക്ക്. വിവാദങ്ങള്‍ക്ക് പിന്നാലെ ജനകീയ ഹോട്ടലിലെ പൊതിച്ചോറിന് ആവശ്യക്കാര്‍ കൂടി. മൂന്നുദിവസത്തിനിടെ 5,684 ഊണുകളാണ് അധികം വിറ്റത്. ജനകീയ ഹോട്ടലുകളിലെ പൊതിച്ചോറിന് നിലവാരം കുറവാണെന്ന തരത്തില്‍ മനോരമ ന്യൂസ് ടിവി നേരത്തെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ജനകീയ ഹോട്ടലുകളില്‍ ഊണിന് ആവശ്യക്കാര്‍ കൂടിയത്. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മനോരമയ്‌ക്കെതിരെ നിരവധി ട്രോളുകളും വന്നിട്ടുണ്ട്.

ചൊവ്വാഴ്ച 1,74,348 പേര്‍ക്കാണു ജനകീയ ഹോട്ടലുകളില്‍ ഭക്ഷണം വിളമ്പിയത്. ബുധനാഴ്ച ഇത് 1,79,681-ഉം വ്യാഴാഴ്ച 1,80,032-ഉം ആയി ഉയര്‍ന്നതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ആലപ്പുഴയിലാണ് ഏറ്റവുംകൂടുതല്‍ പേര്‍ ഭക്ഷണം വാങ്ങിയത്. 2,500 പേര്‍ ഈ ദിവസങ്ങളില്‍ അധികമായി ഭക്ഷണം വാങ്ങിയെന്നാണ് കണക്ക്.

കോഴിക്കോട് ജില്ലയിലാണ് ഏറ്റവുമധികം പേര്‍ക്കു പ്രതിദിനം ഭക്ഷണം നല്‍കിവരുന്നത്. 27,774 ഊണുകള്‍ വ്യാഴാഴ്ച മാത്രം വിറ്റു. തിരുവനന്തപുരം (22,490), മലപ്പുറം (18,891) ജില്ലകള്‍ രണ്ടുംമൂന്നും സ്ഥാനത്തുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :