കുട്ടികളെ കൊണ്ടുവന്നത് മനുഷ്യക്കടത്തല്ല, നിയമലംഘനം മാത്രം: മുനീര്‍

മനുഷ്യക്കടത്ത്, എംകെ മുനീര്‍, സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി, പ്രതിപക്ഷം, കോടിയേരി
തിരുവനന്തപുരം| Last Modified തിങ്കള്‍, 9 ജൂണ്‍ 2014 (11:47 IST)
ഝാര്‍ഖണ്ഡില്‍നിന്നും കുട്ടികളെ കൊണ്ടുവന്നത് മനുഷ്യക്കടത്തല്ല, നിയമലംഘനം മാത്രമാണെന്ന് സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി എം കെ മുനീര്‍. അന്യസംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികളെ കൊണ്ടുവന്നത് മനുഷ്യക്കടത്തല്ല. മറ്റു സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ക്കും സംസ്ഥാനത്ത് പഠിക്കാന്‍ അവകാശമുണ്ട്. അനാഥാലയങ്ങളില്‍ പരിശോധന നടത്തുന്നതിന് മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. അനാഥാലയങ്ങളെ അടച്ചാക്ഷേപിക്കുന്നത് ശരിയല്ല. ഇത് സാമൂഹ്യനീതിയെ തന്നെ ഇല്ലാതാക്കുമെന്നും മന്ത്രി മുനീര്‍ പറഞ്ഞു. അന്യസംസ്ഥാനങ്ങളില്‍നിന്ന് അനാഥാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ടുവരുന്നത് നിയമസഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ കൊണ്ടുവന്ന അടിയന്തര പ്രമേയത്തിനുള്ള നോട്ടീസില്‍ മറുപടി നല്‍കുകയായിരുന്നു മുനീര്‍.

സംസ്ഥാനത്തെ അനാഥാലയങ്ങളിലേക്ക് നിയമം പാലിക്കാതെ കുട്ടികളെ കൊണ്ടുവരുന്നുണ്ട്. 2013ല്‍ അനാഥാലയങ്ങളുടെ നടത്തിപ്പ് സംബന്ധിച്ച് നിയമത്തില്‍ ഭേദഗതി വരുത്തിയിരുന്നു. ഇത് അറിയാതെയാണ് പല അനാഥാലയങ്ങളും പ്രവര്‍ത്തിക്കുന്നത്. ഇത്തരത്തില്‍ കൊണ്ടുവന്ന കുട്ടികളെ തിരിച്ചയച്ചു തുടങ്ങി. പാലക്കാട് നിന്ന് 53 കുട്ടികളെ തിരിച്ചയച്ചു. കോഴിക്കോടു നിന്ന് 18ഉം മലപ്പുറത്തുനിന്ന് 64 കുട്ടികളെയും തിരിച്ചയയ്ക്കാനുള്ള നടപടി സ്വീകരിച്ചുവെന്നും മുനീര്‍ നിയമസഭയില്‍ അറിയിച്ചു.

കുട്ടികളെ അന്യനാടുകളില്‍ നിന്നും വ്യാജരേഖ ചമച്ച് അനധികൃതമായി കൊണ്ടുവരുന്നുണ്ടെന്നും ഇതിനായി ഇടനിലക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കോടിയേരി ആരോപിച്ചു. ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും ആക്കാമെന്ന് മാതാപിതാക്കള്‍ക്ക് പ്രലോഭനം നല്‍കിയാണ് കുട്ടികളെ കടത്തുന്നത്. ഇവിടെയെത്തുന്ന കുട്ടികള്‍ക്കു നേരെ ലൈംഗികാതിക്രമം വരെ നടന്നുവെന്ന് ആരോപണം ഉയര്‍ന്നിട്ടും പരിശോധിക്കാന്‍ തയ്യാറായിട്ടില്ലെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

സംഭവമുണ്ടായ ഉടന്‍ കടുത്ത നിലപാട് സ്വീകരിച്ച ചെന്നിത്തല നിയമസഭയില്‍ മൃദുസമീപനമാണ് കൈക്കൊണ്ടത്. കുട്ടികളെ കൊണ്ടുവന്നത് മനുഷ്യക്കടത്താണെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് ചെന്നിത്തല പറഞ്ഞു. സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ കഴിയില്ലെന്നും അറിയിച്ചു. തുടര്‍ന്ന് വിഷയത്തില്‍ ഇടപെട്ട് സംസാരിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കുട്ടികളെ കൊണ്ടുവന്നതില്‍ നടപടിക്രമങ്ങളില്‍ ചില വീഴ്ചവന്നിട്ടുണ്ടെന്ന് സമ്മതിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :