അഭിറാം മനോഹർ|
Last Updated:
ചൊവ്വ, 30 ഓഗസ്റ്റ് 2022 (18:27 IST)
ടി20 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യൻ ടീമിലെ ഏറ്റവും പ്രധാനിയായ കളിക്കാരനാണ് ഹാർദ്ദിക് പാണ്ഡ്യ. കഴിഞ്ഞ ടി20 ലോകകപ്പിൽ ഹാർദ്ദിക് ടീമിൻ്റെ ഭാഗമായിരുന്നെങ്കിലും പരിക്ക് കാരണം നാലോവർ ബൗൾ ചെയ്യാൻ താരത്തിനായിരുന്നില്ല. ക്രിക്കറ്റ് മൈതാനങ്ങളിൽ നിന്നും ഹാർദ്ദിക് വിടപറയേണ്ട സമയം അതിക്രമിച്ചെന്ന് ആരാധകരും ഇതോടെ കരുതി. വെങ്കിടേഷ് അയ്യർ അടക്കമുള്ള താരങ്ങളെ ഹാർദ്ദിക്കിന് പകരം വളർത്തിയെടുക്കാനും ഇതിനിടയിൽ ഇന്ത്യ ശ്രമിച്ചു.
എന്നാൽ തൻ്റെ ശാരീരികക്ഷമത വീണ്ടെടുത്ത് ഐപിഎല്ലിലെ അത്ഭുതപ്രകടനത്തോടെ ക്രിക്കറ്റ് ലോകത്തെ ഒന്നടങ്കം ഞെട്ടിക്കാൻ ഹാർദ്ദിക്കിനായി. തുടർന്ന് ഇന്ത്യൻ ടീമിലേക്ക് വീണ്ടും കയറിയ ഹാർദ്ദിക് തുടർന്ന് അവിശ്വസനീയമായ രീതിയിലാണ് കളിക്കുന്നത്. ഇന്ത്യൻ ടീമിൻ്റെ സന്തുലനാവസ്ഥ തന്നെ നിലനിർത്തുന്നത് ഹാർദ്ദിക്കാണെന്ന് അടുത്തിടെയാണ് മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി അഭിപ്രായപ്പെട്ടത്.
ഇപ്പോഴിതാ ഹാർദ്ദിക് പാണ്ഡ്യയെ പുകഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ് മുൻ പാകിസ്ഥാൻ ടീം കോച്ചായ മിക്കി ആർതർ.ഹാർദ്ദിക് ഉള്ള ഇന്ത്യൻ ടീം 12 പേരുള്ള സംഘമാണെന്നാണ്
മിക്കി ആർതർ പറയുന്നത്. പണ്ട് ജാക്ക് കാലിസുണ്ടായിരുന്ന ദക്ഷിണാഫ്രിക്കൻ ടീം പോലെയാണ് ഇന്ത്യ. ഹാർദ്ദിക് കൂടുതൽ പക്വത കൈവരിക്കുന്നതാണ് നമ്മൾ കാണൂന്നത്. സമ്മർദ്ദഘട്ടങ്ങളിൽ മികച്ച രീതിയിൽ കളിക്കുന്ന ഹാർദ്ദിക് മികച്ച താരമായി വളർന്നുകൊണ്ടിരിക്കുകയാണ്. മിക്കി ആർതർ പറഞ്ഞു.