ഷഹ്‌ലയുടെ വീട് സന്ദർശിക്കാൻ മമ്മൂട്ടി എത്തിയോ? സത്യമെന്ത്?

നീലിമ ലക്ഷ്മി മോഹൻ| Last Modified ശനി, 30 നവം‌ബര്‍ 2019 (14:10 IST)
വയനാട് ബത്തേരിയിൽ ക്സാസ് മുറിയിൽ പാമ്പ് കടിയേറ്റ് വിദ്യാർത്ഥിനി ഷെഹ്‌ല മരിച്ച സംഭവത്തിൽ നിരവധി വ്യാജ വാർത്തകളും പ്രചരിക്കുന്നുണ്ട്. വ്യാജ വാർത്തകളെ കുറിച്ച് പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഷഹലയുടെ ഇളയമ്മയും മാധ്യമപ്രവർത്തകയുമായ ഫസ്ന ഫാത്തിമ.

സമൂഹമാധ്യമങ്ങളിൽ അധികവും പ്രചരിക്കുന്നത് വ്യാജ വാർത്തകളാണെന്ന് ഫസ്ന ഫാത്തിമ പറയുന്നു. ഷഹലയുടെ വീട്ടിൽ മമ്മൂട്ടി എത്തി എന്നതടക്കമുള്ള വാർത്തകൾ വ്യാജമാണെന്നും വ്യാജ വാർത്തകൾ പ്രചരിക്കുമ്പോൾ യഥാർത്ഥ വിഷയത്തിൽ ഗതിമാറിപോവുകയാണെന്ന് മറക്കരുതെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ഫസ്ന ഓർമിപ്പിക്കുന്നു.

ഫസ്ന ഫാത്തിമയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ: സന്ദേശങ്ങള്‍ പ്രചരിപ്പിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് വിനീതമായ അപേക്ഷ. ഷഹല മോളുടെ മരണവുമായി ബന്ധപ്പെട്ട് പല തരത്തില്‍ വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നതായി കണ്ടു. മോളുടെ കാല്‍ എന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഫോട്ടോ ഷഹലയുടേതല്ല. ഷഹലക്കു പാമ്പു കടിയേറ്റത് ഇടതു കാല്‍ പാദത്തില്‍ വിരലിന് തൊട്ടു മുകളിലായാണ്. അല്ലാതെ ഉപ്പൂറ്റിയില്‍ അല്ല. പ്രചരിക്കുന്ന ചിത്രത്തില്‍ ഉപ്പൂറ്റിയിലാണ് കടിയേറ്റത് എന്ന തരത്തിലാണുള്ളത്. ഇത് വ്യാജമാണ്.

മറ്റൊന്ന് ഷഹല മോള്‍ പാടിയതാണെന്ന തരത്തില്‍ പ്രചരിക്കുന്ന ഒരു വീഡിയോ ആണ്. അത് ഷഹലയല്ല. മോള്‍ നന്നായി പാടുമെങ്കിലും ഞങ്ങള്‍ അവളുടെ വീഡിയോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. വീഡിയോയിലുള്ളത് മറ്റൊരു കുട്ടിയാണ്. മൂന്നാമതായി ഇപ്പോള്‍ പ്രചരിക്കുന്നത് നടന്‍ മമ്മൂട്ടി ഷഹലയുടെ വീട് സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട സംഭവമാണ്. അത്തരത്തില്‍ മമ്മൂട്ടി വീട് സന്ദര്‍ശിക്കുകയോ കുടുംബത്തെ കാണുകയോ ചെയ്തിട്ടില്ല. യൂടൂബില്‍ വരെ മമ്മൂട്ടി സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകള്‍ വന്നതിനാല്‍ ഫോണ്‍ കോളുകളുടെ ബഹളമാണ്.

ഇത്തരത്തില്‍ വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുമ്പോള്‍ യഥാര്‍ത്ഥ വിഷയത്തില്‍ നിന്ന് ഗതിമാറി പോവുകയാണ്. നിലവില്‍ നമുക്ക് ഉയര്‍ത്തി കൊണ്ടുവരേണ്ട വിഷയം വയനാടിന്റെ ചികിത്സാ സംവിധാന രീതി മെച്ചപ്പെടുത്തുകയെന്നതാണ്. അതിനു അവിടെയൊരു മെഡിക്കല്‍ കോളജ് അത്യാവശ്യമാണ്. നിരവധി സ്വകാര്യ ആസ്പത്രികളുണ്ടെങ്കിലും സാധാരണക്കാരായ ജനങ്ങള്‍ക്ക് കോഴിക്കോടിനെ ആശ്രയിക്കാതെ പെട്ടെന്നു ചികിത്സ ലഭ്യമാക്കാന്‍ മെഡിക്കല്‍ കോളജ് വരിക തന്നെ വേണം. അതിനായി നമുക്ക് ഓരോരുത്തര്‍ക്കും ഒന്നിച്ച് അണി ചേരാം... ഒറ്റക്കെട്ടായി.... ഷഹല ഒരു മാറ്റത്തിന് കാരണമാവട്ടെ..



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :