ഐഒസി പ്ലാന്റിലെ സമരം പിന്‍വലിച്ചു; ജീവനക്കാര്‍ ഇന്നുമുതല്‍ ജോലിയില്‍ പ്രവേശിക്കും

തൃപ്പുണ്ണിത്തുറ| JOYS JOY| Last Modified ബുധന്‍, 10 ഫെബ്രുവരി 2016 (08:45 IST)
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഉദയംപേരൂര്‍ പ്ലാന്റില്‍ ജീവനക്കാര്‍ നടത്തി വന്നിരുന്ന സമരം പിന്‍വലിച്ചു. ജീവനക്കാര്‍ ഇന്നുമുതല്‍ ജോലിയില്‍ പ്രവേശിക്കും. ഐ ഒ സിയിലെ എല്‍ പി ജി ബോട്ട്ലിങ് പ്ലാന്‍റില്‍
കരാര്‍ തൊഴിലാളികള്‍ നടത്തിവന്ന സമരമാണ് പിന്‍വലിച്ചത്.

സമരത്തിനാധാരമായ വിഷയങ്ങള്‍ 15 ദിവസത്തിനകം സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ച ചെയ്യാന്‍ അവസരം ഒരുക്കാമെന്നും അതുവരെ സമരം നിര്‍ത്തണമെന്നുമുള്ള കളക്ടറുടെ നിര്‍ദ്ദേശം സംയുക്ത സമരസമിതി അംഗീകരിക്കുകയായിരുന്നു.

ചര്‍ച്ച പരാജയപ്പെടുകയും സമരം തുടരുന്ന അവസ്ഥ
ഉണ്ടാവുകയും ചെയ്താല്‍ അവശ്യസാധന നിയമപ്രകാരം നടപടിയെടുക്കുമെന്ന് കഴിഞ്ഞദിവസം കളക്‌ടര്‍ വ്യക്തമാക്കിയിരുന്നു. പ്ലാന്‍റ് പൊലീസ് സഹായത്തോടെ പ്രവര്‍ത്തിപ്പിക്കുമെന്നും കളക്ടര്‍ എം ജി രാജമാണിക്യം കടുത്ത നിലപാടെടുക്കുകയും ചെയ്തിരുന്നു. സമരം ഒത്തുതീര്‍പ്പാകുന്നതിന് കളക്‌ടറുടെ നിലപാടും കാരണമായി.

കുണ്ടന്നൂരില്‍ ഐ ഒ സി മാനേജ്മെന്‍റ് പ്രതിനിധികളും കരാറുകാരും സംയുക്ത സമരസമിതി ഭാരവാഹികളും ഉള്‍പ്പെടെ നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ തൊഴിലാളികള്‍ക്ക് 10000 രൂപ വീതം ഇടക്കാലാശ്വാസമായി ഈ മാസം 15നകം നല്‍കാമെന്ന ഉറപ്പ് സമരസമിതി അംഗീകരിക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :