തുക അനുവദിച്ചു; ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം| JOYS JOY| Last Modified വ്യാഴം, 13 ഓഗസ്റ്റ് 2015 (08:25 IST)
മുഖ്യമന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്ന് ഐ എന്‍ ടി യു സി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിവന്ന അനിശ്ചിതകാല നിരാഹാരസമരമാണ് അവസാനിപ്പിച്ചത്.

കശുവണ്ടി വികസനകോര്‍പ്പറേഷന് സര്‍ക്കാര്‍ അനുവദിച്ച തുക നല്‍കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്കിയതിനെ തുടര്‍ന്നായിരുന്നു സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. കശുവണ്ടി വികസന കോര്‍പ്പറേഷന് നേരത്തെ സര്‍ക്കാര്‍ 30 കോടി രൂപ അനുവദിച്ചിരുന്നു. ഈ തുക ധനവകുപ്പ് സെക്രട്ടറി തടഞ്ഞു വെച്ചു എന്ന് ആരോപിച്ചായിരുന്നു ചൊവ്വാഴ്ച രാവിലെ സമരം ആരംഭിച്ചത്.

സി പി എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ അടക്കമുള്ളവര്‍ സമര പന്തലില്‍ എത്തിയിരുന്നു. സമരം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും അതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ചേര്‍ന്ന മന്ത്രിഭായോഗത്തില്‍ 30 കോടി രൂപ ഉടന്‍ നല്കാന്‍ തീരുമാനിക്കുകയായിരുന്നു. ഈ വിവരം വി എം സുധീരന്‍ സമരപന്തലില്‍ എത്തി അറിയിച്ചു. തുടര്‍ന്ന് സമരം അവസാനിപ്പിക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :