സ്വപ്‌നയുടെ പിന്നില്‍ ബിജെപിയോ? കേന്ദ്ര ഏജന്‍സികളും പ്രതിരോധത്തിലാകുമോ!: കുമ്മനം രാജശേഖരനുമായി ശ്രീനു അയ്യനാര്‍ നടത്തിയ അഭിമുഖം

സിആര്‍ രവിചന്ദ്രന്‍| Last Updated: വെള്ളി, 17 ജൂണ്‍ 2022 (13:32 IST)
സ്വപ്ന സുരേഷിന് പിന്നില്‍ ബിജെപിയാണെന്ന് സോഷ്യന്‍ മീഡിയകളിലടക്കം ആരോപണം ഉയരുന്നുണ്ട്, മറുപടി ?

തങ്ങള്‍ക്കെതിരെ ആരെന്ത് പറഞ്ഞാലും അതിന് പിന്നില്‍ ബിജെപിയാണെന്ന് പറഞ്ഞ് കോര്‍ണര്‍ ചെയ്ത് ഒരുക്കാം എന്നാണ് അവര്‍ വിചാരിക്കുന്നത്. ജനങ്ങള്‍ക്ക് അറിയേണ്ടത് ആരോപണങ്ങളില്‍ സത്യസന്ധതയുണ്ടോ, എന്തെങ്കിലും കഴമ്പുണ്ടോ ? കുറ്റക്കാരനാണോ മുഖ്യമന്ത്രി ? എന്നൊക്കെയാണ്. ഉന്നയിക്കപ്പെട്ട ആരോപണങ്ങളെ കുറിച്ച് എന്തെങ്കിലും പറയുകയാണ് വേണ്ടത്, അല്ലാതെ ഇതുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ കൂട്ടിക്കുഴച്ച് ജനശ്രദ്ധയെ മറ്റൊരു വഴിക്ക് തിരിച്ചു വിടുകയല്ല. ഇതൊക്കെ സ്ഥിരമായി പറഞ്ഞു കൊണ്ടിരിക്കുന്ന കാര്യങ്ങളാണ്. യുപിയില്‍ എന്തെങ്കിലും ചെറിയ കാര്യമുണ്ടായാല്‍ അത് ഇവിടെ വലിയ വിഷയമാണ്. ഇവിടെ തല്ലിക്കൊല്ലുന്നതും സ്ത്രീ പീഡനങ്ങള്‍ കൂടുന്നതും പ്രശ്‌നമല്ല. തങ്ങള്‍ക്കെതിരായിട്ട് ആര് എന്ത് പറഞ്ഞാലും അവരെ ഒറ്റപ്പെടുത്തുക, അവരെ നിശബ്ദരാക്കാന്‍ ശ്രമിക്കുക ഇത്തരം കാര്യങ്ങളാണ് ചെയ്യുന്നത്. ഇത് ഫാസിസ്റ്റ് തന്ത്രമാണ്.

സ്വപ്നയുടെ ആരോപണങ്ങള്‍ ശരിയായാല്‍ സംസ്ഥാന സര്‍ക്കാരിനെപ്പോലെ കേന്ദ്ര ഏജന്‍സികളും പ്രതിരോധത്തിലാക്കില്ലേ ?

അന്വേഷണം തുടര്‍ന്നു കൊണ്ടിരിക്കുകയാണല്ലോ. പുതിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ ഏത് സമയത്തും കേസ് രജിസ്റ്റര്‍ ചെയ്യാം. ആരും അന്വേഷണം ക്ലോസ് ചെയ്തിട്ടില്ല. അത് കേരളാ പൊലീസിന്റെ അന്വേഷണം പോലെയല്ല . കൃത്യമായ തെളിവ് കിട്ടിയാല്‍ മാത്രമേ പ്രൊസീഡ് ചെയ്യുകയുള്ളു. ഇപ്പോള്‍ നാഷണല്‍ ഹെറാള്‍ഡ് കേസ് എത്ര വര്‍ഷം മുമ്പുണ്ടായിരുന്നതാണ് ?

സംസ്ഥാനത്ത് കലാപം ഉണ്ടാകുമോ ?

ആരാണ് കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുന്നത്. കറുത്ത മാസ്‌കും കറുത്ത വസ്ത്രവും ധരിക്കാന്‍ പാടില്ലെന്ന് പറയുന്നതാരാണ്. കറുത്ത വസ്ത്രം ധരിച്ചെത്തുന്നവരെ പിടിച്ചുകൊണ്ടു പോകുന്നത് ആരാണ്. സംസ്ഥാനത്തെ ക്രമസമാധനം തകര്‍ന്നു. അരാചകത്വമാണ്. പാര്‍ട്ടി ഓഫീസുകള്‍ തകര്‍ക്കുകയെന്നു പറഞ്ഞാല്‍ അരാജത്വം തന്നെയാണ്. ഒരു ജനാധിപത്യ വ്യവസ്ഥിതിയില്‍ എല്ലാ രാഷ്ട്രീയ കക്ഷികള്‍ക്കും പ്രവര്‍ത്തിക്കാന്‍ അവകാശമുള്ള നാട്ടില്‍ നിയമം കൈയിലെടുത്ത് അക്രമപ്രവര്‍ത്തനം നടത്തുന്നത് അരാചകത്വമാണ്. ഞാന്‍ പ്രസിഡന്റായിരുന്ന സമയത്ത് ബിജെപി പാര്‍ട്ടി ഓഫീസില്‍ ബോംമ്പെറിഞ്ഞവരാണിവര്‍. അതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉണ്ട്. ആ കേസ് ഇപ്പൊ എവിടേന്നു പോലും ആര്‍ക്കും അറിയില്ല. പാര്‍ട്ടി ഓഫീസുകള്‍ അക്രമിക്കുന്നതിന്റെ ഉദ്ദേശ്യം സിപിഎമ്മിനെ ഭയന്ന് മറ്റുള്ളവര്‍ ജീവിക്കണമെന്നുള്ളതാണ്. ഇതിന്റെ പേരാണ് സ്വേച്ഛാധിപത്യം. മസില്‍ പവര്‍ ഉപയോഗിച്ചുള്ള ഭരണമാണ്, നിയമവാഴ്ച ഇവിടെ ഇല്ല.

ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യാന്‍ വിളിച്ചതിനാണ് പ്രതിഷേധം. നിയമവാഴ്ചയുള്ള ഒരു രാജ്യത്ത് ഒരാളെ ചോദ്യം ചെയ്യാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് അധികാരമില്ലെ, അതും കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നതും. നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ നടത്തിപ്പ് സംബന്ധിച്ച് രാഹുല്‍ ഗാന്ധിക്ക് മേല്‍ തെളിവുകള്‍ ശക്തമായതു കൊണ്ടാണ് ചോദ്യം ചെയ്യുന്നത്. എന്നാല്‍ കേരളത്തില്‍ ഇഡി ഇതുവരെ ചോദ്യം ചെയ്തില്ല. വരും ദിവസങ്ങളില്‍ അതുണ്ടാകുമെന്നാണ് കരുതുന്നത്.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ വിമാനത്തില്‍ ആക്രമിക്കാന്‍ ശ്രമിച്ചതിലുള്ള പ്രതികരണം ?

ഇതില്‍ കോടിയേരി ബാലകൃഷ്ണന്‍ പറയുന്നതൊന്ന്, ഇന്‍ഡിഗോയുടെ അധികൃതര്‍ പറയുന്നത് വേറൊന്ന് ഇപി ജയരാജന്‍ പറയുന്നത് വേറൊന്നാണ്. എന്തൊക്കെ ആയാലും പ്രതിഷേധ പ്രകടനങ്ങള്‍ എല്ലായിപ്പോഴും നിയമ ലംഘനം തന്നെയാണ്. സെക്രട്ടേറിയത്തിലേക്ക് തള്ളിക്കയറുന്നത് നിയമ ലംഘനമല്ലേ? ഗവണ്‍മെന്റിന്റെ കണ്ണു തുറക്കണമെങ്കില്‍ നിയമങ്ങള്‍ ലംഘിച്ച് പ്രക്ഷോഭം നടത്തേണ്ടിവരും എന്ന അവസ്ഥയാണ് കേരളത്തില്‍. ഇപ്പോള്‍ കറുത്ത മാസ്‌കും കറുത്ത വസ്ത്രവും ധരിക്കുന്നതിനെതിരെ സര്‍ക്കാര്‍ തിരിഞ്ഞപ്പോള്‍ വ്യാപകമായ പ്രക്ഷോഭവും സമരവും നടന്നപ്പോഴാണ് ഞങ്ങളൊന്നും അറിഞ്ഞില്ലെയെന്ന മട്ടില്‍ മുഖ്യമന്ത്രി പ്രതികരിച്ചത്. ആരും പ്രതിഷേധിച്ചില്ലായിരുന്നുവെങ്കില്‍ തുടരട്ടെയെന്ന് പറയുമായിരുന്നു. തെറ്റിനെതിരെ പ്രതികരിക്കുമ്പോഴാണ് തെറ്റ് തിരുത്താന്‍ തയ്യാറാകുന്നത്.



സില്‍വര്‍ ലൈനില്‍ കേന്ദ്രനിലപാട്?

അത് വ്യക്തമായി പറഞ്ഞിട്ടുണ്ട്. റെയില്‍വേ വകുപ്പ് മന്ത്രിക്ക് മുന്നില്‍ നമ്മള്‍ നിവേദനം കൊടുത്തപ്പോള്‍ തന്നെ ഇത്തരമൊരു പദ്ധതിക്ക് അനുവാദം കൊടുക്കില്ലെന്ന് മന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്. ഒരു പദ്ധതി അവതരിപ്പിച്ചു കഴിഞ്ഞാല്‍ അതിനെ കുറിച്ച് പഠിച്ചിട്ട് റിപ്പോര്‍ട്ട് നല്‍കാന്‍ പറയും. അതിനെയാണ് ഇന്‍ പ്രിസിപ്പല്‍ സാങ്ഷന്‍ എന്നു പറയുന്നത്. പദ്ധതിയെ കുറിച്ചുള്ള ഡിപിആര്‍ നല്‍കാന്‍ പറയും. കുറേ കോണ്‍ട്രാക്ടര്‍മാര്‍ക്കും മറ്റുആളുകള്‍ക്കും പണം കൊടുക്കാന്‍ നടക്കില്ലെന്ന് അറിഞ്ഞു കൊണ്ട് പദ്ധതിക്കു വേണ്ടി പണം ചോദിച്ചാല്‍ അത് ദുര്‍വ്യയമാണ്. ഖജനാവ് കൊള്ളയടിക്കലാണത്.

കേന്ദ്രത്തിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ വലിയ എതിര്‍പ്പ് ഉയരുന്നുണ്ടല്ലോ!

ഒന്നര വര്‍ഷത്തിനുള്ളില്‍ പത്തു ലക്ഷം പേര്‍ക്ക് സര്‍ക്കാര്‍ സര്‍വ്വീസില്‍ നിയമനം നല്‍കാനുള്ള മോദി സര്‍ക്കാരിന്റെ തീരുമാനത്തെ പോലും വിമര്‍ശിക്കുകയാണ്. പട്ടാളത്തിലടക്കം തൊഴില്‍ രഹിതര്‍ക്ക് പ്രതീക്ഷ പകരുന്ന പദ്ധതിയാണിത്. കോവിഡിനു ശേഷം ലോകം സാമ്പത്തിക മരവിപ്പില്‍ നില്‍ക്കുമ്പോഴാണ് രാജ്യം ഇത്തരത്തില്‍ ധീരമായ ചുവടുവയ്പ് നടത്തുന്നത്. ഇത് ചെറുപ്പക്കാര്‍ക്ക് വലിയ സാധ്യത തുറന്നു വയ്ക്കുകയാണ്. ഇതിനെ ഉള്ളു തുറന്ന് ശ്ലാഘിക്കേണ്ടതിന് പകരം വിമര്‍ശനവുമായി ഇറങ്ങിയവരെ ജനത തിരിച്ചറിയണം.


എഎപി - ട്വന്റി 20 സഖ്യം കേരളത്തില്‍ ശക്തമായാല്‍ ഏത് മുന്നണിയെയായിരിക്കും കൂടുതല്‍ ബാധിക്കുന്നത് ?

അത് പറയാന്‍ സാധിക്കില്ല. അവരവരുടെ കഴിവിനനുസരിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ ജനങ്ങള്‍ എങ്ങനെ സ്വീകരിക്കുമെന്ന് പറയാന്‍ സാധിക്കില്ല. എത്രയോ നാളുകളായിട്ട് കേരളത്തില്‍ അഅജ പ്രവര്‍ത്തിക്കുന്നുണ്ട്. 2013-14 കാലത്തേ ഉണ്ട്. ആദ്യം എത്ര ചെയര്‍മാന്മാരെ മാറ്റി. സാറാ ജോസ്ഥ്, സി ആര്‍ നീലകണ്ഠന്‍ ഇവരൊക്കെ മാറി മാറി വന്നു. കേരളത്തില്‍ അവര്‍ക്ക് എത്രത്തോളം പ്രസക്തിയുണ്ടെന്ന് കണ്ട് തന്നെ അറിയണം.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :