29ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് മുന്നോടിയായി തലസ്ഥാനത്ത് ഫിലിം മാര്‍ക്കറ്റ് ഒരുങ്ങുന്നു

IFFK
IFFK
അഭിറാം മനോഹർ| Last Modified തിങ്കള്‍, 9 ഡിസം‌ബര്‍ 2024 (16:10 IST)
കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് മുന്നോടിയായി കേരള ഫിലിം മാര്‍ക്കറ്റ് ഒരുങ്ങുന്നു.29ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഒരു പ്രധാന ഘടകമായി കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷനും ചലച്ചിത്ര അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന കേരള ഫിലിം മാര്‍ക്കറ്റ് രണ്ടാം പതിപ്പ് (കെ.എഫ്.എം.2) 11മുതല്‍13വരെയാണ് നടക്കുക.11ന് രാവിലെ11ന് കലാഭവവന്‍ തിയറ്ററില്‍ നടക്കുന്ന ചടങ്ങില്‍ ഫിഷറീസ്,സാംസ്‌കാരിക,യുവജനകാര്യ മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും.

ചലച്ചിത്ര മേഖലയിലെ ആഗോളപ്രശസ്തര്‍ പങ്കെടുക്കുന്ന കെ.എഫ്.എം.2, സിനിമ-ഏവിജിസി-എക്സ്ആര്‍ മേഖലകളിലെ നൂതന അറിവ് പങ്കുവെയ്ക്കും,മലയാള സിനിമയുടെ ആഗോള വാണിജ്യസാധ്യത വര്‍ദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സംഘടിപ്പിക്കുന്നത്.തിരുവനന്തപുരം ടാഗോര്‍ തിയറ്റര്‍ പരിസരം,ചിത്രാഞ്ജലി സ്റ്റുഡിയോ,കലാഭവന്‍ തിയറ്റര്‍ എന്നിവയാണ് കെഎഫ്എം-2ന്റെ വേദികള്‍. വിദേശത്തുനിന്നും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ഫിലിം പ്രൊഫെഷണലുകള്‍ കെ.എഫ്.എം.2വില്‍ പങ്കെടുക്കാന്‍ തലസ്ഥാനത്തെത്തും.

കെഎഫ്എം രണ്ടാം പതിപ്പില്‍ ബി2ബി മീറ്റിങ്ങ്,ശില്‍പ്പശാല,മാസ്റ്റര്‍ ക്ലാസ് എന്നീ ഘടകങ്ങളാണുള്ളത്. പാരീസ് ആസ്ഥാനമായുള്ള ഫിലിം സെയില്‍സ് ഏജന്‍സിയായ ആല്‍ഫ വയലറ്റിന്റെ സ്ഥാപക കെയ്കോ ഫുനാറ്റോ,ബാരന്റ്സ് ഫിലിംസ് എഎസിന്റെ മാനേജിംഗ് ഡയറക്ടറും പ്രശസ്ത നിര്‍മാതാവുമായ ഇന്‍ഗ്രിഡ് ലില്‍ ഹോഗ്ടന്‍ എന്നിവരുമായി നിര്‍മാതാക്കള്‍ക്ക് ബി2ബി മീറ്റിംഗിന് അവസരം ഉണ്ടായിരിക്കും.
വിശ്വപ്രശസ്ത ഛായാഗ്രാഹക ആഗ്നസ് ഗൊഥാര്‍ദ് നേതൃത്വം നല്‍കുന്ന സിനിമാറ്റോഗ്രഫി ശില്‍പ്പശാല,പ്രശസ്ത ഫ്രഞ്ച് സംഗീതജ്ഞ ബിയാട്രിസ് തിരെ നേതൃത്വം നല്‍കുന്ന പശ്ചാത്തല സംഗീത ശില്‍പ്പശാല എന്നിവ മുഖ്യ ആകര്‍ഷണങ്ങളാണ്.

ഇന്‍ഗ്രിഡ് ലില്‍ ഹോഗ്ടന്‍ നയിക്കുന്ന കോ-പ്രൊഡക്ഷനും ധനസമാഹരണവും സംബന്ധിച്ച വിഷയത്തിലെ മാസ്റ്റര്‍ ക്ലാസ്,പ്രശസ്ത തിരക്കഥാകൃത്ത് ജൂലിയറ്റ് സെലസിന്റെ തിരക്കഥാരചന മാസ്റ്റര്‍ക്ലാസ്,കെ സെറാ സെറാ വിര്‍ച്വല്‍ പ്രൊഡക്ഷന്‍സിന്റെ സിഇഒ യൂനുസ് ബുഖാരിയുടെ വിര്‍ച്വല്‍ പ്രൊഡക്ഷന്‍ മാസ്റ്റര്‍ ക്ലാസ്,പ്രശസ്ത ചലച്ചിത്ര സംയോജകന്‍ ശ്രീകര്‍ പ്രസാദിന്റെ എഡിറ്റിംഗ് മാസ്റ്റര്‍ ക്ലാസ്,അജിത് പത്മനാഭിന്റെ ഇമേഴ്സീവ് ടെക്നോളജി ഫോര്‍ ഹെറിറ്റേജ് എന്ന വിഷയത്തിലെ മാസ്റ്റര്‍ ക്ലാസ്,എക്സ്റ്റെന്റഡ് റിയാലിറ്റി കണ്‍സല്‍റ്റന്റ് ലോയിക് ടാന്‍ഗയുടെ ഒരു ആശയത്തിന്റെ പ്രിന്റ് മുതല്‍ എക്സ്റ്റെന്റഡ് റിയാലിറ്റി വരെയുള്ള ആഖ്യാനത്തെ കുറിച്ചുള്ള മാസ്റ്റര്‍ ക്ലാസ് എന്നിവ ഉണ്ടായിരിക്കും. കെഎഫ്എം-2ന്റെ ഭാഗമായ ഇന്‍ കോണ്‍വര്‍സേഷന്‍ സെഷനില്‍ ഷാജി എന്‍. കരുണ്‍,ഗോള്‍ഡ സെലം,ആഗ്നസ് ഗൊഥാര്‍ദ്,ഇന്‍ഗ്രിഡ് ലില്‍ ഹോഗ്ടന്‍,രവി കൊട്ടാരക്കര,അനില്‍ മെഹ്ത,പൂജ ഗുപ്തെ,സുരേഷ് എറിയട്ട്,രവിശങ്കര്‍ വെങ്കിടേശ്വരന്‍,മനു പാവ,ആശിഷ് കുല്‍ക്കര്‍ണി എന്നിവര്‍ വ്യത്യസ്ത വിഷയങ്ങളിലുള്ള സംഭാഷണങ്ങളിലൂടെ ഡെലിഗേറ്റുകളുമായി അറിവും ആശയവും പങ്കുവയ്ക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :