കോതമംഗലത്ത് രണ്ടാനമ്മ കൊലപ്പെടുത്തിയ ആറുവയസ്സുകാരിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും

നിഹാരിക കെ.എസ്| Last Modified ശനി, 21 ഡിസം‌ബര്‍ 2024 (09:25 IST)
കൊച്ചി: കോതമംഗലത്ത് രണ്ടാനമ്മയുടെ ക്രൂരതയിൽ ജീവൻ നഷ്ടമായ ഉത്തർപ്രേദേശ് സ്വദേശിനിയായ മുസ്‌കാന്റെ മൃതദേഹം ഇന്ന് ഖബറടക്കും. രാവിലെ പത്ത് മണിക്ക് കമ്പനിപ്പടി നെല്ലിക്കുന്നത്ത് ജുമാ മസ്ജിദിലാണ് ഖബറടക്കം. കൊലപാതകത്തിൽ മന്ത്രവാദത്തിൻ്റെ സാധ്യതയും പൊലീസ് പരിശോധിക്കും. രണ്ടാനമ്മ അനീഷയുമായി പൊലീസ്‌ ഇന്നലെ തെളിവെടുപ്പ് നടത്തിയിരുന്നു. ഇവരുടെ രണ്ടുവയസ്സുകാരിയായ മകൾ എൽമയെ കാക്കനാട് ശിശുക്ഷേമസമിതിക്ക് കൈമാറി.

സംഭവത്തിൽ നിലവിൽ മറ്റാർക്കെങ്കിലും പങ്കുള്ളതായി സൂചനയില്ല. അനീഷ മാത്രമാണ് നിലവിൽ പ്രതിസ്ഥാനത്തുള്ളത്. കോതമംഗലം നെല്ലിക്കുഴി ഇരുമലപ്പടിക്ക് സമീപത്താണ് ഉത്തർപ്രദേശ് സ്വദേശിനിയായ ആറുവയസ്സുകാരിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്ന കുട്ടി രാവിലെ എഴുന്നേറ്റില്ലെന്നാണ് കുടുംബം പറയുന്നത്. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം.

പിതാവ് അജാസ് ഖാന്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സംശയം തോന്നിയ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റ്‌ മോർട്ടത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. കുട്ടിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്ന് അന്വേഷണത്തിൽ വ്യക്തമായി. തുടര്‍ന്ന് അജാസ് ഖാനെയും അനിഷയേയും പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ അനീഷ താനാണ് കൊലപ്പെടുത്തിയതെന്ന് വെളിപ്പെടുത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :