അഭിറാം മനോഹർ|
Last Modified തിങ്കള്‍, 29 ഏപ്രില്‍ 2024 (17:59 IST)
കേരളത്തിലെ ഉഷ്ണതരംഗത്തിന് അടുത്തൊന്നും കുറവുണ്ടാകില്ലെന്ന സൂചന നല്‍കി കുസാറ്റ് കാലാവസ്ഥാ വിഭാഗം. കൊടും ചൂട് മെയ് രണ്ടാം വാരം വരെ തുടരുമെന്നാണ് കുസാറ്റ് വ്യക്തമാക്കിയത്. താപനില 42 ഡിഗ്രി വരെ തുടരും. തൃശൂര്‍ മുതല്‍ വടക്കോട്ടുള്ള ജില്ലകളാകും ഉഷ്ണതരംഗ ബുദ്ധിമുട്ട് അനുഭവിക്കുക. മെയ് പകുതിയോടെ ന്യൂനമര്‍ദ്ദം രൂപപ്പെട്ട് തെക്കന്‍ കേരളത്തിലടക്കം മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ തുടര്‍ച്ചയായി കാലവര്‍ഷമെത്തും.
ഗ്രൗണ്ട് വാട്ടര്‍ ലെവല്‍ താഴുന്നത് ആശങ്കാജനകമായ സാഹചര്യമാണ് സൃഷ്ടിക്കുന്നതെന്നും കുസാറ്റ് കാലാവസ്ഥാ വിഭാഗം പറയുന്നു. സൂര്യാഘാതവും സൂര്യതാപവും ഏല്‍ക്കാന്‍ സാധ്യത കൂടുതലായതിനാല്‍ പകല്‍ സമയങ്ങളില്‍ പുറത്തിറങ്ങുമ്പോള്‍ അതീവ ജാഗ്രത പാലിക്കണം. സൂര്യപ്രകാശം ഏറെ നേരം നേരിട്ടേല്‍ക്കുന്നതും നിര്‍ജലീകരണം സംഭവിക്കാവുന്ന അവസ്ഥയും നിര്‍ബന്ധമായും ഒഴിവാക്കണം. പാലക്കാട് സാധാരണയേക്കാള്‍ 3 മുതല്‍ 5 ഡിഗ്രി വരെയാണ് താപനിലയില്‍ വര്‍ധനവുണ്ടായിരിക്കുന്നത്.